ഏറ്റവും സന്തോഷമുള്ളവൻ

Malayalam stories for kids

ഗ്രാമമുഖ്യന്‌ സമ്പത്തില്‍ കുറവൊന്നുമുണ്ടായിരുന്നില്ല. ഭാര്യ മാരാവട്ടെ ആറെണ്ണവും. കുട്ടികളാണെങ്കില്‍ പത്തിരുപതെണ്ണം. സാമാന്യം കൊള്ളാവുന്ന ആരോഗ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നിട്ടും എന്തൊക്കെയോ കുറവുള്ളതുപോലെ ഗ്രാമമുഖ്യനു തോന്നിത്തുടങ്ങി. ആ ഒരു വിചാരം ദിനംപ്രതി വര്‍ദ്ധിച്ചുവന്നു. ഒരിക്കല്‍ അദ്ദേഹം തന്റെ ഭൃത്യരെ വിളിച്ചു പറഞ്ഞു.

“എനിക്കു സന്തോഷത്തിനുള്ള മാര്‍ഗ്ഗം നിങ്ങള്‍ കണ്ടെത്തു; എന്തൊക്കെയോ എന്നെ അലട്ടുന്നു.”

“എത്ര മനോഹരമാണ്‌ ആകാശം. സുര്യനും ചന്ദ്രനും നക്ഷത്ര ങ്ങളുമൊക്കെ അങ്ങേയ്ക്കു സന്തോഷം തരും. തീര്‍ച്ച.” ഭൃത്യരില്‍ ഒരുവന്‍ പറഞ്ഞു.

“ഏയ്‌ ഇല്ലില്ല. അവയെ നോക്കുമ്പോള്‍ എനിക്കവ ലഭിക്കില്ലല്ലോ എന്നോര്‍ത്തു ദുഃഖം വരും.”

“ഞങ്ങള്‍ അങ്ങേയ്ക്കുവേണ്ടി രാവും പകലും മനോഹരമായി പാടാം. സംഗീതം അങ്ങേയ്ക്കു സന്തോഷമേകും.” മറ്റൊരാള്‍ പറഞ്ഞു.

“സദാ പാട്ടോ, ആര്‍ക്കതു സഹിക്കാനാവും”

മുഖ്യന്‌ ദേഷ്യം വര്‍ദ്ധിച്ചുവന്നു. അദ്ദേഹം തന്റെ മുറിയിലേക്കു പോയി അങ്ങോട്ടും ഇങ്ങോട്ടും നടന്നുതുടങ്ങി. അപ്പോള്‍ ഭൃത്യരില്‍ ബുദ്ധിമാനായ ഒരുവന്‍ അകത്തുവന്നു താണു വണങ്ങിനിന്നിട്ടു പറഞ്ഞു.

“അങ്ങേയ്ക്കു സന്തോഷം ലഭിക്കുന്നതിന്‌ ഒറ്റ മാര്‍ഗ്ഗമേയുള്ളു. ഏറ്റവും സന്തോഷമുള്ളവന്റെ ഉടുപ്പെടുത്തണിയു. ഞാനിപ്പോള്‍ ക്ഷ്രേതത്തില്‍ പോയി പുജാരിയെക്കണ്ട്‌ വിവരം ധരിപ്പിച്ചപ്പോള്‍ അദ്ദേഹം ദേവിയെ പ്രസാദിപ്പിക്കുകയും ദേവിയില്‍നിന്ന്‌ അരുളപ്പാടുണ്ടാവുകയും ചെയ്തുവത്രെ.”

“മിടുക്കന്‍; മിടുമിടുക്കന്‍.”

മുഖ്യന്‍ ഭൃത്യരെയൊക്കെ ഏറ്റവും സന്തോഷമുള്ളവനെ തിരയുന്നതിനായി പറഞ്ഞുവിട്ടു. നാടുമുഴുവന്‍ അലഞ്ഞിട്ടും ദുഃഖങ്ങളൊന്നുമില്ലാത്ത, അഞ്ങേയറ്റം സന്തോഷിക്കുന്ന ഒരുവനെ കണ്ടെത്താന്‍ ഭൃത്യര്‍ക്കായില്ല.

വീണ്ടും വീണ്ടുമുള്ള അന്വേഷണത്തിന്റെ ഒടുവില്‍ അവര്‍ ഒരാളെ കണ്ടെത്തുകയും അവനെ മുഖ്യന്റെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുവരുകയും ചെയ്തു. ഭൃത്യരില്‍ ഒരുവന്‍ ചെന്ന്‌ മുഖ്യനെ വിവരം ധരിപ്പിച്ചു.

“എവിടെ? എവിടെയാണവന്‍?”

ഗ്രാമമുഖ്യന്‍ വാതില്ക്കല്‍ എത്തുന്നതിനുമുന്‍പേ ആവേശം കൊണ്ട് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.

“സ്നേഹിതാ, താങ്കളുടെ ഉടുപ്പ്‌ എനിക്ക്‌ തന്നേക്കുമോ?”

തന്റെ മുന്നില്‍ എല്ലാം മറന്ന്‌ ചിരിച്ചു നിലക്കുന്ന മനുഷ്യനെകണ്ട ഗ്രാമമുഖ്യന്‍ പക്ഷെ പകച്ചുപോയി.

ഉടുപ്പെന്നു പറയാന്‍ ഒന്നുമില്ലാത്ത കീറിപ്പറിഞ്ഞ തുണിയുടുത്ത മെല്ലിച്ചൊരു ഭിക്ഷംദേഹി.

“എന്ത്‌? ഉടുപ്പോ? എനിക്കതില്ലല്ലോ. ഇല്ലാത്തതിനെക്കുറിച്ചോര്‍ത ഞാൻ ദുഃഖിക്കാറില്ല. ഉള്ളവയില്‍ അമിതസന്തോഷവുമില്ല. എന്റെ കര്‍മ്മം എനിക്കു പുണ്യാ.”

ഗ്രാമമുഖ്യന്‌ ബോധോദയമുണ്ടായി, ഭിക്ഷാംദേഹിയെ കെട്ടിപ്പൂണര്‍ന്നുകൊണ്ട്‌ മുഖ്യന്‍ പറഞ്ഞു.

“അങ്ങെന്റെ ഗുരു”