സിംഹത്തിന്റെ മൂന്ന്‌ രോമങ്ങള്‍

malayalam stories for kids

സെഹാബിനു പതിനൊന്നു വയസ്സു പ്രായമുള്ളപ്പോള്‍ അമ്മ മൃതയായി. താമസിയാതെ അവന്റെ അച്ഛന്‍ ബിസുനേഷ് എന്ന സ്ത്രീയെ വിവാഹം കഴിച്ചു. അവരുടെ സംരക്ഷണയിലായി കൊച്ചുസെഹാബ്‌. അവര്‍ക്കാകട്ടെ അവനോട്‌ എന്തെന്നില്ലാത്ത സ്നേഹമായിരുന്നു. അവന്‍ പക്ഷെ പുതിയ അമ്മയെ ഒട്ടും ഇഷ്‌ടപ്പെടാന്‍ കഴിഞ്ഞില്ല. അവനുവേണ്ടി അവര്‍ എന്തെല്ലാം ചെയ്തു നോക്കി.

അങ്ങേയറ്റം രുചികരമായ ഭക്ഷണം അവനുവേണ്ടി ഉണ്ടാക്കി. പക്ഷെ അവന്‍ അതൊന്നും തൊട്ടുനോക്കിയതുപോലുമില്ല. മനോഹരമായ വസ്ത്രങ്ങള്‍ നെയ്തെടുത്ത്‌ അവനു നല്കിയെങ്കിലും അവനതും സ്വീകരിച്ചില്ല. അവനോട എന്തെങ്കിലും സംസാരിക്കാന്‍ ബിസുനേഷ്‌ തുനിയുമ്പോഴൊക്കെയും അവന്‍ ഓടിപ്പൊയ്ക്കളയും. അങ്ങേയറ്റം ദുഃഖിതയായിത്തീര്‍ന്ന ബിസുനേഷ്‌ ജ്ഞാനിയായ ഒരു സന്യാസിയുടെ അടുക്കലെത്തി പരിഹാരമാരാഞ്ഞു.

എല്ലാം ശ്രദ്ധയോടെ കേട്ടതിനുശേഷം സന്യാസി അവളോടു പറഞ്ഞു. “മകളേ, നിനക്കു സാധിക്കുമെങ്കില്‍ സിംഹത്തിന്റെ മൂന്നു രോമങ്ങള്‍ ഇവിടെ കൊണ്ടുവരു. എത്ര നാളുവേണമെങ്കിലുമെടുക്കാം. അപ്പോള്‍ ഒക്കെ ശരിയാവും. അവന്‍ എല്ലാം മറന്നു നിന്നെ സ്നേഹിക്കുന്ന ഒരു ദിവസം വരും. എന്തു പറയുന്നു.”

“എന്താണു സ്വാമിന്‍! സിംഹം എന്നെ കൊന്നുതിന്നില്ലേ?” “സംഭവിക്കാം. പക്ഷെ അതല്ലാതെ മറ്റു മാര്‍ഗ്ഗമില്ലല്ലോ.” ഇത്രയും പറഞ്ഞതിനുശേഷം സന്യാസി കണ്ണടച്ച്‌ ധ്യാനത്തിലമര്‍ന്നു. ബിസുനേഷ്‌ വീട്ടിലേക്കു മടങ്ങി. കൊച്ചു സെഹാബിനെ ഏതുവിധേനയും തന്റെ ഓമനക്കുട്ടനാക്കണം. അവള്‍ ചിന്തയില്‍ മുഴുകി ഒടുവില്‍ ഒരു തീരുമാനത്തിലെത്തി; അചഞ്ചലമായ തീരുമാനം.

ഒരു സിംഹത്തെ മെരുക്കുക തന്നെ.

അടുത്ത ദിവസം ചുട്ടെടുത്ത കുറച്ച്‌ ഇറച്ചിയുമായി അവള്‍ കാട്ടിലെത്തി. കുറേ ദൂരം ചെന്നപ്പോള്‍ ഒരു സിംഹത്തിന്റെ ഗുഹ അവള്‍ കണ്ടെത്തി. സിംഹം പുറത്തിറങ്ങുന്നതുവരെ അവള്‍ അല്പം മാറി നിന്നു. അതാ സിംഹം പുറത്തുവരുന്നു. ഉള്ളില്‍ കനത്ത പേടി തോന്നിയെങ്കിലും തന്റെ കൈയിലിരുന്ന ഇറച്ചി സിംഹത്തിന്റെ മുന്നിലേക്കിട്ടിട്ട അവള്‍ ഓടിപ്പോയി.

പല ദിവസങ്ങളിലും ഇതാവര്‍ത്തിച്ചു. പതിയെപതിയെ ബിസുനേഷ്‌ സിംഹത്തിന്റെ അടുത്തേയ്ക്കു നീങ്ങിത്തുടങ്ങി. രണ്ടു മാസത്തിനുള്ളില്‍ ബിസുനേഷും സിംഹവും അടുത്ത ചങ്ങാതിമാരായിത്തീര്‍ന്നു. അങ്ങനെ ഒരു ദിവസം ഇറച്ചി തിന്നുകൊണ്ടിരുന്ന സിംഹത്തിന്റെ ജടയില്‍നിന്ന്‌ വളരെ മൃദുവായി മൂന്നു രോമങ്ങള്‍ മുറിച്ചെടുത്തു.

മുന്നു സിംഹരോമങ്ങളുമായി വിജയഭാവത്തില്‍ തന്റെ മുന്നില്‍ നില്ക്കുന്ന ബിസുനേഷിനെ നോക്കി സന്യാസി പുഞ്ചിരിതൂകി.

“സിംഹത്തെ മെരുക്കാന്‍ രണ്ടു മാസം പിടിച്ചു അല്ലേ? അങ്ങനെ ശ്രമിച്ചാല്‍ കുഞ്ഞുസെഹാബിനെ അടുപ്പിച്ചെടുക്കാനും കുറച്ചുനാള്‍ കൊണ്ടു കഴിയും. അടിയുറച്ച തീരുമാനവും ദൃഡമായ ലക്ഷ്യബോധവും അതിനുവേണ്ടിയുള്ള കര്‍മ്മവും എന്നും നിങ്ങളെ വിജയത്തിലെത്തിക്കും. പൊയ്ക്കൊള്ളു; സമാധാനത്തോടെ പൊയ്ക്കൊള്ളൂ….

ബിസുനേഷ്‌ തികഞ്ഞ ആത്മവിശ്വാസത്തോടെ വീട്ടിലേക്കു മടങ്ങി.