സിംഹത്തെ വീഴ്ത്തിയ മുയല്‍

malayalam stories for kids

ചാവന്നക്കാട്‌ നല്ല വെള്ളവും സമൃദ്ധമായ പുല്ലും ഒക്കെ ഉള്ള സ്ഥലമാണ്‌. അവിടെ താമസിച്ചിരുന്ന ഒരു സിംഹം പക്ഷേ ഏഴുദിവസം കൂടുമ്പോള്‍ ഒരു മൃഗത്തെ പിടിച്ചു കൊന്നുതിന്നും. താനായിരിക്കുമോ അടുത്ത ഇര എന്ന ഭീതിയിലാണ്‌ ഓരോ മൃഗവും കഴിഞ്ഞിരുന്നത്‌.

“ഇങ്ങനെ പോയാല്‍ ശരിയാവില്ല. വെറുതെ എന്തിനു പേടിച്ചു ജീവിക്കണം. എന്തെങ്കിലും ഒരു തീരുമാനമുണ്ടാക്കുകതന്നെ.”

മാനിന്റെ ഈ ചിന്തയാണ്‌ മൃഗങ്ങളുടെ ആലോചനായോഗത്തിനു കാരണമായിത്തീര്‍ന്നത്‌. അവിടെ അന്നത്തെ തീരുമാനപ്രകാരം മൃഗങ്ങളെല്ലാവരും കൂടി സിംഹത്തിന്റെ അടുത്തെത്തി പറഞ്ഞു.

“അല്ലയോ മഹാരാജന്‍, അങ്ങ്‌ വേട്ടയാടി കഷ്ടപ്പെടുന്നതു കാണുമ്പോള്‍ ഞങ്ങള്‍ക്കൊക്കെ വിഷമമുണ്ട്‌. മാത്രമല്ല ജീവനില്‍ ഞങ്ങള്‍ക്കൊക്കെ ഭീതിയുണ്ടെന്നു കരുതിക്കൊള്ളൂ.”

“അതിന്‌?” വളരെ ഗൌരവത്തില്‍ സിംഹം ചോദിച്ചു.

“ഞങ്ങള്‍ ഈ കാട്ടിലെ മൃഗങ്ങള്‍ ഒരുമിച്ചൊരു തീരുമാനം എടുത്തിരിക്കുന്നു. ഓരോ ഏഴു ദിവസം കൂടുന്തോറും ഒരു മൃഗത്തെ അങ്ങയുടെ ഗുഹയിലേയ്ക്ക്‌ അയയ്ക്കാം. അതാരായിരിക്കുമെന്ന്‌ ഞങ്ങള്‍ നറുക്കിട്ടു തീരുമാനിക്കും.”

പൊട്ടിച്ചിരിച്ചുകൊണ്ട്‌ സിംഹം പറഞ്ഞു. “കൊള്ളാം; നല്ല തീരുമാനം. വ്യവസ്ഥ പക്ഷെ ഒരിക്കലും ലംഘിക്കരുത്‌. അങ്ങനെ വന്നാല്‍…..

“ഇല്ല, വ്യവസ്ഥ ഞങ്ങള്‍ ലംഘിക്കില്ല.” സിംഹം പൂര്‍ത്തിയാക്കുന്നതിനു മുന്‍പേ മൃഗങ്ങള്‍ ഒന്നടങ്കം പറഞ്ഞു.

“പിന്നെ കുളിച്ചു വൃത്തിയായി വരികയും വേണം.”

“ഏറ്റു; ഞങ്ങളേറ്റു. ” പേടി കൂടാതെ ജീവിക്കാമെന്ന സന്തോഷത്തോടെ മൃഗങ്ങള്‍ ഒന്നടങ്കം വിളിച്ചുകുവി. ആദ്യം നറുക്കു വീണത്‌ മാനിനായിരുന്നു.

അങ്ങനെ പല ദിവസങ്ങള്‍ കടന്നുപോയി. ഭീതി ഒഴിഞ്ഞെങ്കിലും മൃഗങ്ങളെല്ലാം ദുഃഖിതരായിരുന്നു. ഇന്നല്ലെങ്കില്‍ നാളെ തങ്ങളുടെ ഈഴം വരുമെന്ന്‌ അവര്‍ക്കറിയാമായിരുന്നു. അങ്ങനെ ആ ദിവസം വന്നു. മുയലിന്‌ നറുക്കുവീണ ദിവസം.

മുയലിനു പക്ഷേ പേടിയൊന്നും തോന്നിയില്ല. “ഇന്നത്തോടെ അവന്റെ കഥ കഴിക്കും. ഇന്നത്തോടെ അവന്റെ കഥ കഴിക്കും.” ഇതു തന്നെ ആവര്‍ത്തിച്ചുകൊണ്ടായിരുന്നു മുയലിന്റെ ഗുഹയിലേക്കുള്ള യാത്ര. പോകുന്ന വഴിയില്‍ മുയല്‍ ചെളിയില്‍ കിടന്നു നന്നായുരുണ്ടു.

മുയല്‍ സിംഹത്തിന്റെ അടുത്തെത്തി. ചെളി പുരണ്ട ശരീരവുമായി തന്റെ മുന്നില്‍ നില്ക്കുന്ന മുയലിനെക്കണ്ട്‌ സിംഹം അലറി.

“ഫ….. വൃത്തികെട്ടവനേ, കുളിച്ച്‌ വൃത്തിയായി വരണമെന്ന്‌ പറഞ്ഞിട്ട്‌.”

സിംഹത്തെ അങ്ങേയറ്റം താണുവണങ്ങിക്കൊണ്ട്‌ മുയല്‍ ഉണര്‍ത്തിച്ചു.

“മഹാത്മാവേ, അടിയനല്ല അങ്ങയുടെ ഇന്നത്തെ ആഹാരം. മറ്റൊരു വലിയ മുയലായിരുന്നു. അവനെയുംകൊണ്ടു വരുന്നവഴി മറ്റൊരു സിംഹം അവനെ പിടിച്ചുവച്ചിരിക്കുകയാണ്‌.”

“ഞാനല്ലാതെ ഈ കാട്ടില്‍ മറ്റൊരു സിംഹമോ?”

“സത്യമാണങ്ങുന്നേ, മാത്രമല്ല ആ ദുഷ്ടന്‍ അങ്ങയെ അപമാനിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു.”

അതുകൂടി കേട്ടപ്പോള്‍ സിംഹത്തിന്റെ കോപം ഉരട്ടിച്ചു. ചാടിയെഴുന്നേറ്റുകൊണ്ട്‌ സിംഹം പറഞ്ഞു.

“എവിടെയവന്‍? ഒറ്റയടിക്കു ഞാനവനെ തീര്‍ക്കും.”

“അങ്ങുന്നേ വരു; പക്ഷെ സൂക്ഷിക്കണേ. ഭയങ്കരനാണവന്‍.”

മുയലിന്റെ പിറകേ സിംഹം യാത്രയായി. വലിയൊരു കിണറിന്റെ അടുത്തെത്തിയപ്പോള്‍ മുയല്‍ പറഞ്ഞു. “അങ്ങുന്നേ ഇതിനകത്താണവന്‍. പക്ഷെ സൂക്ഷിക്കണേ..”

കിണറിനുള്ളിലേക്കു നോക്കിയ സിംഹം വെള്ളത്തില്‍ തന്റെ പ്രതിബിംബം കണ്ടു. അവന്‍ അലറിയപ്പോള്‍ കിണറിനുള്ളിലെ

സിംഹവും അലറി. കോപം കൊണ്ടു ജ്വലിച്ച സിംഹം അലറിക്കൊണ്ട്‌ കിണറിനുള്ളിലേക്ക്‌ ഒറ്റച്ചാട്ടം.

സിംഹത്തിന്റെ ശല്യം അവസാനിച്ചതറിഞ്ഞ മൃഗങ്ങള്‍ ആനന്ദനൃത്തമാടി. മുയലിനെ മാറിമാറി തോളിലേറ്റി അവര്‍ കാടുമുഴുവന്‍ കറങ്ങി.