സെരക്കിയിലെ ഇരട്ടകള്‍

malayalam stories for kids

ഒന്നുപോലിരിക്കുന്ന രണ്ടുണ്ണികള്‍ പിറന്നപ്പോള്‍ അവര്‍ക്ക്‌ സന്തോഷം അടക്കാനായില്ല. ഒപ്പം ദുഃഖവും. ദുഃഖമുണ്ടായതിനുള്ള കാരണം സെര്‍ക്കിയിലെ ഒരാചാരമായിരുന്നു.

ഇരട്ടകുട്ടികള്‍ നാടിനാപത്ത്‌, അതിനാല്‍ അവരെ കൊന്നുകളയുക.

എന്നാലും മറ്റാരും അറിയാതെ അവരെ വളര്‍ത്താന്‍തന്നെ മാതാപിതാക്കള്‍ തീരുമാനിച്ചു. ഇരട്ടക്കുട്ടികള്‍ക്ക്‌ അവര്‍ ഉചിതമായ പേരുകളും കൊടുത്തു.

എയ്ബായും സെയ്ബായും.

അവര്‍ക്കുള്ള ഒരേയൊരു വ്യത്യാസം കൈയിലെ വെളുത്ത പാടു കളായിരുന്നു. എയ്ബായുടെ വലതുകൈയില്‍ ഒരു വെളുത്ത പാട്‌. സെയ്ബായുടെ ഇടതുകൈയില്‍ രണ്ടു വെളുത്ത പാട്.

“കുഞ്ഞുങ്ങളെവിടെ? അവരെ കൊന്നു കളയണം.”

പ്രതീക്ഷിച്ചതാണെങ്കിലും ആ വാക്കുകള്‍ അവരെ തളര്‍ത്തിക്കളഞ്ഞു.

തങ്ങളുടെ മുന്നില്‍ രണ്ടു ഭടന്മാരുമായി നില്ക്കുന്ന ഗ്രാമമുഖ്യനെ കണ്ട്‌ അവര്‍ ഞെട്ടി. കുഞ്ഞുങ്ങള്‍ പിറന്നിട്ട്‌ രണ്ടു മാസം പോലുമായില്ല. തങ്ങളുടെ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ അനുവദിക്കണമെന്നാ വശ്യപ്പെട്ടുകൊണ്ട് അവര്‍ മുഖ്യന്റെ കാലില്‍വീണു. ഒടുവില്‍ മുഖ്യന്റെ മനസ്സലിഞ്ഞു. “ശരി, പക്ഷെ ഒരു കാരണവശാലും ഒരിക്കലും നിങ്ങളോ നിങ്ങളുടെ മക്കളോ ഗ്രാമാതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കരുത്‌. അഥവാ പ്രവേശിച്ചാല്‍ ആ നിമിഷം…”

ഗ്രാമമുഖ്യന്‍ പൂര്‍ത്തീകരിച്ചില്ല. അപ്പോള്‍തന്നെ അവര്‍ കുഞ്ഞുങ്ങളെയുംകൊണ്ട്‌ സെര്‍ക്കി വിട്ടുപോയി. ഗ്രാമാതിര്‍ത്തിക്കു പുറത്തുള്ള കാട്ടില്‍ ഒരു ചെറിയ കുടില്‍കെട്ടി താമസമായി. വര്‍ഷങ്ങള്‍ കടന്നുപോയി.

കാട്ടിലെ ജീവിതം എയ്ബയെയും സെയ്ബയെയും തികഞ്ഞ പോരാളികളാക്കി മാറ്റി.

ഒരിക്കല്‍ കാട്ടിലൂടെ നടക്കുകയായിരുന്നു അവര്‍. അതാ മരണാസന്നനായി ഒരാള്‍ കിടന്നു ഞരങ്ങുന്നു. അവര്‍ അടുത്തെത്തി ആ മനുഷ്യനെ പതിയെ എഴുന്നേല്‍പിച്ചിരുത്തി.

“നന്ദി മക്കളേ, സെര്‍ക്കിയക്കാരനാണു ഞാന്‍. അവിടെ ശത്രുക്കളുമായി പൊരിഞ്ഞ യുദ്ധം നടക്കുകയാണ്‌. കഴിയുമെങ്കില്‍ കൂട്ടരെയൊന്നു സഹായിക്കുക.” ഒരുവിധം ഇത്രയും പറഞ്ഞൊപ്പിച്ചിട്ട്‌ അയാള്‍ എന്നന്നേക്കുമായി കണ്ണടച്ചു.

എയ്ബയും സെയ്ബയും വീട്ടിലെത്തി നടന്ന കാര്യങ്ങള്‍ പറഞ്ഞു.

“അച്ചാ ഞങ്ങള്‍ നമ്മുടെ കൂട്ടരെ സഹായിക്കാന്‍ പോകുകയാണ്‌. അമ്മയുടെയും അച്ചന്റെയും അനുഗ്രഹം മാത്രം മതി.”

“എന്താ മക്കളേ നിങ്ങളീ പറയുന്നേ. ദൈവകാമുണ്യം കൊണ്ടാണ്‌ പണ്ട്‌ നമ്മളെ വെറുതെ വിട്ടത്‌. നിങ്ങളോട്‌ ഞാനെല്ലാം പറഞ്ഞിട്ടുണ്ടല്ലോ. വേണ്ടമക്കളേ അതുവേണ്ട.”

“അച്ചാ പിറന്ന നാടിന്‌ ആപത്ത്‌ വരുമ്പോള്‍ സഹായിക്കേണ്ടതു കടമയല്ലേ. തടയരുതച്ചാ. അനുഗ്രഹിച്ചു പറഞ്ഞുവിടു.”

കുട്ടികളുടെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ അവര്‍ക്ക്‌ അനുമതി നല്കി. സെര്‍ക്കിയക്കാരോടൊപ്പം ചേര്‍ന്ന എയ്ബയും സെയ്ബയും ധീരമായി പൊരുതി. അവരുടെ തന്ത്രങ്ങള്‍ ശ്രതുക്കള്‍ക്കു മാരകമായ പ്രഹരമേല്പിച്ചു. ഒടുവില്‍ ശത്രു പിന്തിരിഞ്ഞോടി.

വിജയാഘോഷത്തിനു തടസമുണ്ടായില്ല. എയ്ബയേയും സെയ്ബയെയും മുന്നിലേക്കു വിളിച്ചു നിര്‍ത്തി ഗ്രാമമുഖ്യന്‍ പറഞ്ഞു.

“ഇതാ; ഈ കുട്ടികള്‍ ആരാണെന്നു നമുക്കറിയില്ല. ഇവര്‍ പക്ഷെ നമുക്കു വിജയം സമ്മാനിച്ചു.”

എയ്ബയുടെയും സെയ്ബയുടെയും അമ്മാവന്‍ അവിടെ ഉണ്ടായിരുന്നു. അയാള്‍ മുന്നോട്ടു വന്നിട്ടു പെട്ടെന്നു പറഞ്ഞു. “ഇവരെ അങ്ങു സുക്ഷിച്ചു നോക്കു. ഇരുപത്‌ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ അങ്ങ്‌ ഈ ഗ്രാമത്തില്‍ നിന്ന്‌ അടിച്ചോടിച്ചതാണ്‌ ഇവരെയും മാതാ പിതാക്കളെയും.

കൈയില്‍ വെളുത്ത പാടുകളുള്ള ഈ ഇരട്ടകുട്ടികളെ അന്നു കൊല്ലാതെ വിട്ടത്‌ നമ്മുടെയൊക്കെ ഭാഗ്യം.” ഗ്രാമമുഖ്യന്‍ അവരെ സൂക്ഷിച്ചുനോക്കി. എന്നിട്ടു കൈ കുപ്പിക്കൊണ്ടു പറഞ്ഞു.

“എന്താ പറയുക മക്കളേ… നന്ദി, ഒരായിരം നന്ദി”

ധാരാളം സമ്മാനങ്ങളുമായി മുഖ്യന്‍ അവരോടൊപ്പം ചെന്നു “നിങ്ങളുടെ മക്കളുടെ ധീരത നമ്മുടെ നാടിനെ കാത്തു. ദയവായി മടങ്ങിവരുക. ഈ സന്തോഷത്തില്‍ പങ്കുചേരുക.”

അങ്ങനെ ഇരട്ടകുട്ടികളെ കൊല്ലുന്ന ഏര്‍പ്പാട് സെര്‍ക്കിയില്‍ എന്നന്നേക്കുമായി അവസാനിച്ചു.