നന്ദികേടിന്റെ ശിക്ഷ!

malayalam stories for kids

പശുക്കളെ മേയ്ക്കുന്നവനായിരുന്നു ജാബു. തന്റെ പശുക്കളെ കാത്തുസൂക്ഷിക്കുന്നതില്‍ പ്രത്യേക അഭിമാനം തന്നെയുണ്ടായിരുന്നു അവന്‍. പശുക്കളെ സംരക്ഷിക്കുന്നതില്‍ സ്വന്തമായൊമു ശൈലി തന്നെ അവനു സ്വായത്തമായിരുന്നു. അതുകൊണ്ടാണ്‌ അവന്റെ അച്ഛന്‍ ഇരുപത്തിയഞ്ച്‌ പശുക്കളെയും അവന്റെ ഉത്തരവാദിത്വത്തില്‍ വിട്ടുകൊടുത്തത്‌.

ഒരുദിവസം തന്റെ പശുക്കളെയും നോക്കി ഒരു കുന്നിന്റെ നെറുകയില്‍ ഇരിക്കുകയായിരുന്നു ജാബു. അവന്റെ ഉറ്റ സ്നേഹിതന്‍ സൈഫോ അപ്പോള്‍ ഓടിക്കിതച്ചുവന്നിട്ട അവനോടു പറഞ്ഞു.

“നീ അറിഞ്ഞോ? ബൂബേസി ഇറങ്ങിയിട്ടുണ്ടെന്ന്‌; കഴിഞ്ഞ രാത്രി താബോയുടെ ഒരു പശുവിനെ കൊന്നുതിന്നു; അവനെ കുടുക്കാന്‍ ആള്‍ക്കാര്‍ കെണി വച്ചിട്ടുണ്ടെന്നും കേട്ടു.”

ഈ വാര്‍ത്ത ജാബുവില്‍ ഭയമോ അത്ഭുതമോ ഒന്നുംതന്നെ ഉണ്ടാക്കിയില്ല. സിംഹത്തിന്റെ കാല്പാടുകള്‍ മണ്ണില്‍ പതിഞ്ഞിരിക്കുന്നതും പശുവിന്റെ ചില അവശിഷ്ടങ്ങളും മറ്റും അവിടവിടെയായി കിടക്കുന്നതും അവരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. സത്യത്തില്‍ ബുബേസി എന്ന സിംഹത്തോട്‌ അവനൊരുതരം ബഹുമാനമാണ്‌ ഉണ്ടായിരുന്നത്‌.

ബൂബേസി ഒരിക്കലും പകല്‍സമയം പശുക്കളെ ആക്രമിക്കാറില്ല. കൂട്ടില്‍ കഴിയുന്ന പശുക്കളെ കൊന്നുതിന്നുന്ന സ്വഭാവവും അവനുണ്ടായിരുന്നില്ല. മനുഷ്യരുടെ അശ്രദ്ധയും മടിയുമാണ്‌ പശു നഷ്ടപ്പെടാനുള്ള സാഹചര്യമൊരുക്കുന്നതെന്നാണ്‌ ജാബുവിന്റെ പക്ഷം.

“വാടാ, പശുവിനെ കൂട്ടിലാക്കിയിട്ട്‌ എന്റെ കൂടെ വാ, കെണിയൊരുക്കിയിരിക്കുന്നതും മറ്റും നമുക്കു ചെന്നു നോക്കാം.”

സൈഫോയുഭെ ഈ നിര്‍ദ്ദേശം പക്ഷേ ജാബു അംഗീകരിച്ചില്ല.

“നിനക്കെന്റെ സ്വഭാവമറിയാമമല്ലോ ഇത്ര നേരത്തെ പശുക്കളെ കൂട്ടിലാക്കുന്നത്‌ എനിക്കിഷ്ടമല്ല; വീട്ടിലേക്കു കൊണ്ടുപോകുന്ന തിനു മുന്‍പ്‌ അവയെ കുളിപ്പിക്കുകയും വേണം.”

“നീ അങ്ങനെ പറയുമെന്നെനിക്കറിയാം, എന്നാലും പറഞ്ഞെന്നേയുള്ളൂ. രാത്രി തീ കൂട്ടുന്നിടത്തു കാണാം.”

ഇത്രയും പറഞ്ഞിട്ട്‌ സൈഫോ തിരിഞ്ഞോടി.

ജാബുവിന്റെ ചൂളമടി രണ്ടുവട്ടം ഉയര്‍ന്നു പൊങ്ങിയപ്പോള്‍ അങ്ങുമിങ്ങും മേഞ്ഞുകൊണ്ടിരുന്ന പശുക്കളെല്ലാം ഒരുമിച്ചുചേര്‍ന്നു. അവന്‍ അവയെ നദീതീരത്തേയ്ക്ക്‌ തെളിച്ചുകൊണ്ടു പോയി.

“ഗ്൪൪….””

പശുക്കളെ കുളിപ്പിക്കാന്‍ തുടങ്ങിയിരുന്നില്ല. ആ ശബ്ദം ജാബുവിനെപ്പോലും അല്പം ഭയപ്പെടുത്തി. ഏറെ അകലെനിന്നല്ല ആ ശബ്ദം കേട്ടതെന്ന്‌ അവന്‍ മനസ്സിലായി. പകല്‍സമയം സാധാരണ ബുബേസി പശുക്കളെ ആക്രമിക്കാറില്ലെങ്കിലും അവന്റെ മനസ്സൊന്നു പതറി. പശുക്കളെ മേയ്ക്കുന്ന വടി കൈയിലെടുത്തു പിടിച്ച്‌ അവന്‍ ശ്രദ്ധയോടെ നിന്നു.

“ഗ്൪൪…

വീണ്ടും ഒരു ഗര്‍ജ്ജനം. അപകടത്തില്‍പെട്ട ഒരു മൃഗത്തിന്റെ രോദനമാണനതെന്ന്‌ മനസ്സിലാക്കാന്‍ ജാബുവിന്‌ താമസമുണ്ടായില്ല.

അവന്‍ തന്റെ പശുക്കളെ ഒരു വലിയ മരത്തിന്റെ കീഴില്‍ നിറുത്തി.

ശബ്ദം കേട്ട ഭാഗത്തേയ്ക്ക്‌ പിന്നെ പതിയെ അവന്‍ നടന്നു. ഗ്രാമ വാസികളൊരുക്കിയ കുരുക്കിലകപ്പെട്ടു കിടക്കുന്ന ബുബേസിയെ അവന്‍ കണ്ടു. കുരുക്കില്‍നിന്നു പുറത്തുകടക്കാന്‍ ശ്രമിക്കുന്തോറും അത്‌ കൂടുതല്‍ മുറുകിക്കൊണ്ടിരുന്നു.

ആവു! ഇത്രയടുത്ത്‌ സിംഹരാജനെ അവന്‍ ആദ്യമായി കാണുകയാണ്‌, സിംഹത്തിന്റെ സദയും ഗാംഭീര്യവും മറ്റും കണ്ടപ്പോള്‍ അവന്റെ ബഹുമാനം ഒന്നുകൂടി വര്‍ദ്ധിച്ചു.

“മോനേ, എന്നെ ഒന്നു സഹായിക്ക്‌; ദയവുചെയ്തു ഈ കുരൂക്കൊന്നഴിച്ചു തര്വോ?” സിംഹം മയക്കത്തില്‍ പറഞ്ഞു.

സിംഹത്തിനോടുള്ള ബഹുമാനത്തോടൊപ്പം ഏറെ അലിവുള്ള ഒരു മനസ്സും ജാബുവിനുണ്ടായിരുന്നു. എങ്കിലും അവന്‍ സിംഹത്തോടു ചോദിച്ചു.

“ഈ കുരുക്കഴിച്ചാല്‍ നീയെന്നെ കൊന്നുതിന്നില്ലേ?””

“ഇല്ല ഒരിക്കലുമില്ല; ഞാനിതാ ആണയിട്ടു പറയുന്നു. നിന്നെ ഞാന്‍ തൊട്ടുനോവിക്കുക പോലുമില്ല. സത്യം സത്യം സത്യം.”

“എന്റെ പശുക്കളെയോ”

“നിന്റെ പശുക്കളെയും ഞാന്‍ ഉപദ്രവിക്കില്ലെന്ന്‌ നൂറുവട്ടം സത്യം ചെയ്യുന്നു.”

എന്നിട്ടും ജാബു കുരുക്കഴിക്കാന്‍ തയ്യാറായില്ല. ബൂബേസി വീണ്ടും വീണ്ടും അവനോടു കെഞ്ചുകയും സത്യം ചെയ്യുകയും ചെയ്തു. ഒടുവില്‍ ജാബുവിന്റെ മനസ്സലിഞ്ഞു. ബൂബേസിയെ പതിയെ അവന്‍ കുരുക്കില്‍നിന്നു മോചിപ്പിച്ചു.

“എന്റെ കുട്ടാ, ഞാന്‍ നിന്നോടു കടപ്പെട്ടിരിക്കുന്നു. എങ്ങനെയാണു നിനക്കു നന്ദി പറയുക?” അങ്ങനെ പറയുമ്പോഴും ഇരയെ കണ്ട ഉത്സാഹം സിംഹത്തിന്റെ കണ്ണുകളില്‍ കാണാമായിരുന്നു.

“എങ്കിലും വിശക്കുന്നവന്‌ ആഹാരമാണല്ലോ വലുത്‌.” ബൂബേസി പറഞ്ഞു.

ജാബു പിന്നിലേക്കു കാലുകള്‍ വച്ചുകൊണ്ടു പറഞ്ഞു.

“നിന്നെ രക്ഷിച്ചവനാണ്‌ ഞാന്‍, മാത്രമല്ല നീ തന്ന വാക്കു മറന്നിട്ടില്ലല്ലോ? നന്ദികേടു കാട്ടിയാല്‍ നൂറു കഷണങ്ങളായി ചിതറിപ്പോ കുമെന്നറിയില്ലേ?”

“വിഡ്ഡിത്തം, ആരാണങ്ങനെ പറയണത്‌?”

“നേര്‍, അല്ലെങ്കില്‍ ഈ വരുന്ന കഴുതയോടു നമുക്കഭിപ്രായം ചോദിക്കാം.”

അതുവഴി അപ്പോള്‍ വന്ന കഴുതയെ ചൂണ്ടി ജാബു പറഞ്ഞു.

“ശരി; എടേ കഴുതേ, ഈ കൊച്ചനെ ഞാന്‍ കൊന്നുതിന്നോടെ?

എന്താണു നിന്റെ അഭിപ്രായം?” സിംഹം ചോദിച്ചു. അപ്പോള്‍ ജാബു പറഞ്ഞു.

“കുരുക്കില്‍ അകപ്പെട്ട്‌ ചത്തുപോവേണ്ടിയിരുന്ന ഇങ്ങേരെ ഞാന്‍ രക്ഷപ്പെടുത്തി. എന്നെ ഉപദ്രവിക്കില്ലെന്നു വാക്കും നല്‍കിയിരുന്നു. എന്നിട്ടിതു ശരിയാണോ?”

ജാബുവിനെയും സിംഹത്തെയും കഴുത മാറി മാറി നോക്കി. എന്നിട്ടു പറഞ്ഞു. “കഴിഞ്ഞ കാലം മുഴുവന്‍ ഒരു മനുഷ്യന്‍ എന്നെക്കൊണ്ട്‌ ചുമടെടുപ്പിച്ചു. വയ്യാതായപ്പോള്‍ ദാ പറഞ്ഞുവിട്ടിരിക്കുന്നു. മനുഷ്യരൊന്നും നല്ലവരല്ല. അങ്ങിവനെ കൊന്നു തിന്നോളൂ.”

അങ്ങനെ കാര്യം തീര്‍പ്പായി.

അപ്പോള്‍ അതുവഴി ഒരു കുറുക്കന്‍ വന്നു. കുറുക്കനോടും ജാബു പറഞ്ഞു. “വാക്കു പാലിക്കാതിരുന്നതും ആപത്തില്‍ രക്ഷിച്ചവനെ കൊന്നുതിന്നുന്നതും എത്ര വലിയ പാപമാണെന്ന്‌ അങ്ങൊന്നു പറഞ്ഞുകൊടുക്കു.”

“വാക്കു പാലിച്ചില്ലെന്നോ? ആപത്തില്‍ രക്ഷിച്ചെന്നോ? നിങ്ങളില്‍ ആരെയാണ്‌ രക്ഷപ്പെടുത്തിയത്‌? വിശദമായി കാര്യങ്ങള്‍ പറയു.”

എല്ലാ കാര്യങ്ങളും ജാബു വിശദമായി കുറുക്കനോടു പറഞ്ഞു.

“എന്റീശ്വരാ! എനിക്കിതു വിശ്വസിക്കാനാവുന്നില്ല. സിംഹം കെണിയില്‍പ്പെട്ടെന്നോ? നല്ല നുണ.”

“സത്യം, ഈ കഴുതയോടും ഞാനിക്കാര്യം പറഞ്ഞതാണ്‌.” ജാബു വിഷമത്തോടെ പറഞ്ഞു.

“അങ്ങുന്നേ, ഇതു നേരാണോ?”

“അതൊരു വല്ലാത്ത കെണിയായിരുന്നു.” ജാള്യതയോടെ സിംഹം പറഞ്ഞു.

“എന്നാലും എനിക്കിതു ഒട്ടും വിശ്വാസം വരുന്നില്ല. ഒരു കാര്യം ചെയ്യാം. നടന്നതൊക്കെ ഒന്നു കാണിച്ചു തന്നാല്‍ വലിയ ഉപകാരമായിരുന്നു. എന്താണെങ്കിലും ഇവന്‍ അങ്ങേയ്ക്കുള്ളതു തന്നെ.” കുറുക്കന്റെ അവസാനവാക്കുകള്‍ സിംഹത്തെ ഉത്തേജിപ്പിച്ചു. എങ്കിലും സിംഹം പറഞ്ഞു.

“വെറുതെ സമയം കളയുകയാണ്‌. എന്നാലും വേണ്ടില്ല. ആയ്‌ക്കോട്ടെ.” കുരുക്കിനകത്തേയ്ക്കു നടന്നിട്ട സിംഹം പറഞ്ഞു.

“ഇതാ ഈ കുരുക്കിലാണ്‌ പെട്ടുപോയത്‌.”

“ഇത്ര ചെറിയ കുരുക്കിലോ! അസംഭവ്യം”

“ഇല്ലെന്നേ; ദാ ഇങ്ങനെ”” എന്നു പറഞ്ഞുകൊണ്ട്‌ സിംഹം കുരുക്കുനുള്ളിലേക്കു തല നീട്ടി. സിംഹത്തിനുതൊട്ടുപിന്നില്‍ നിന്ന കുറുക്കന്‍ ഒട്ടും സമയം കളഞ്ഞില്ല. ഒറ്റച്ചവിട്ട്‌.

അപ്രതീക്ഷിതമായി ചവിട്ടേറ്റ സിംഹം കുരുക്കിനുള്ളിലേക്കു വീണ്ടും വീണു. അപ്പോള്‍ കുറുക്കന്‍ പറഞ്ഞു.

“ഇപ്പോള്‍ ഒക്കെ മനസ്സിലായി; വാക്കു പാലിക്കാതിരിക്കുന്നത്‌ മാന്യതയല്ല; ആപത്തില്‍ രക്ഷിച്ചവനെ ഉപദ്രവിക്കുന്നത്‌ എന്തിന്റെ പേരിലാണെങ്കിലും ഒട്ടും നല്ലതല്ല.” പിന്നെ ജാബുവിനെ നോക്കിപ്പറഞ്ഞു.

“പൊയ്ക്കൊള്ളു; അവന്‍ അവിടെക്കിടന്നു മരിക്കട്ടെ.”

കുറുക്കന്‌ ഒരായിരം നന്ദി പറഞ്ഞ്‌ ജാബു തന്റെ പശുക്കള്‍ക്കരി കിലേക്കു പോയി.