കുരങ്ങന്റെ ഹൃദയം

malayalam stories for kids

കടല്‍ക്കരയിലുള്ള വലിയ വൃക്ഷത്തിന്റെ പകുതി ശാഖകള്‍ കടലിലേക്കു ചാഞ്ഞാണ്‌ നിന്നിരുന്നത്‌. അതില്‍ വസിച്ചിരുന്ന കുരങ്ങന്‍ ശാഖകളില്‍നിന്ന്‌ ശാഖകളിലേക്ക്‌ ചാടിക്കളിക്കുകയും പഴങ്ങള്‍ പറിച്ചുതിന്നുകയും ചെയ്തിരുന്നു.

ഒരു ദിവസം ഒരു ശാഖയിലങ്ങനെ പഴവും തിന്നുകൊണ്ടിരിക്കു കയായിരുന്നു കുരങ്ങന്‍. അപ്പോഴതാ വെള്ളത്തിനുമുകളില്‍ ഒരു തല. വലിയൊരു സ്രാവാണെന്ന്‌ കുരങ്ങനു മനസ്സിലായി.

അവനൊരു തമാശ തോന്നി.

“ഗ്ളും ഗ്ളും.” അവന്‍ കുറച്ച്‌ പഴങ്ങള്‍ പറിച്ച്‌ കടലിലേയ്ക്കെ റിഞ്ഞു. അതില്‍ രണ്ടുമുന്നു പഴങ്ങള്‍ സ്രാവിനു കിട്ടി. അടുത്ത ദിവസവും സ്രാവ് വെള്ളത്തിനുമീതെ തല നീട്ടി. സ്രാവിനു പഴങ്ങള്‍ നന്നെ ഇഷ്ടപ്പെട്ടുവെന്നു കുരങ്ങനു മനസ്സിലായി. കുരങ്ങന്‍ കുറേ യേറെ പഴങ്ങള്‍ സ്രാവിനു നലകി.

“എത്രനല്ല പഴങ്ങള്‍… ഈ ചെറുമീനുകളെ തിന്നുമടുത്തു. താങ്കയൂ….”

അങ്ങനെ കുരങ്ങനും സ്രാവും വളരെ അടുത്ത ചങ്ങാതിമാരായിത്തീര്‍ന്നു. എല്ലാ ദിവസവും കുരങ്ങന്‍ സ്രാവിന്‌ പഴങ്ങള്‍ ഇട്ടു കൊടുക്കും.

ഒരുദിവസം സ്രാവ് പറഞ്ഞു.

“പൊന്നിഷ്ടാ, നിങ്ങളെപ്പോലെ നല്ലൊരു കുരങ്ങിന്‌ എന്താണാവോ ഞാന്‍ ചെയ്തുതരിക. എന്താണെങ്കിലും എന്റെ താങ്കളെ ഞാന്‍ ക്ഷണിക്കുന്നു. കടലിലൂടെയുള്ള യാത്ര എന്ത്യ രസമാണെന്നോ?”

“വേണ്ട വേണ്ട, നീന്താനൊന്നും എനിക്കറിയില്ല. എനിക്കു പേടിയാ.”

“എന്തിനു പേടിക്കണം. എന്റെ പുറത്തുകയറി ഇരുന്നാല്‍ മാത്രം മതി. തിരിച്ചും ഞാനിവിടെ കൊണ്ടുവന്നാക്കാം. പോരെ?” കുരങ്ങ്‌ അല്പനേരം ചിന്തയിലാണ്ടു.

“ശരി” കുരങ്ങ്‌ താഴെയിറങ്ങി സ്രാവിന്റെ മുതുകില്‍ കയറി യിമുന്നു.

സ്രാവ്‌ നീന്തിത്തുടങ്ങി. കുറച്ചുദൂരം പിന്നിട്ടപ്പോള്‍ സ്രാവ്‌ ചോദിച്ചു

“എന്തേ ഒന്നും മിണ്ടാത്തെ? പേടിച്ചിരിപ്പാണോ? കടല്‍യാത്ര ഇഷ്ടമായോ?”

“കൊള്ളാം, ബഹുരസം. ഇനി താങ്കളുടെ വീട്ടിലേക്കു ഏറെ ദൂരമുണ്ടോ?”

“ഏയ്‌ ഇല്ലില്ല”

“ഒരുപാടു ദൂരം പോന്നതുപോലെ. കര കാണാനേ ഇല്ല.” കുരങ്ങൻ അലപം പേടിയോടെ പറഞ്ഞു.

“കടല്‍സവാരി നല്ല രസമല്ലേ? ശരിക്ക്‌ രസിച്ചോളൂ. അവസാനത്തേതല്ലേ.” സ്രാവിന്റെ ആ വാക്കുകള്‍ കുരങ്ങന്റെ ഹൃദയത്തില്‍ തുളച്ചുകയറി.

“എന്താ സ്നേഹിതാ പറഞ്ഞേ?” ഞടുക്കത്തോടെ കുരങ്ങ്‌ ചോദിച്ചു.

അതിനു മറുപടിയായി സ്രാവൊന്നു ചിരിച്ചു. എന്നിട്ടു പറഞ്ഞു. “ഞങ്ങളുടെ നേതാവിന്‌ ഒരുതരം വല്ലാത്ത അസുഖം. എന്റെ അടുത്ത സുഹൃത്തുകൂടിയാണ്‌ അദ്ദേഹം. താങ്കളുടെ വിശേഷങ്ങളെല്ലാം ഞാനദ്ദേഹത്തോടു പറയാറുണ്ട്‌. പഴങ്ങള്‍ കൊടുക്കാറുമുണ്ട്‌. ഇന്നലെ വൈദ്യന്‍വന്ന്‌ അടിമുടി പരിശോധിച്ചിട്ട്‌ പറഞ്ഞതെന്താണെന്നറിയോ?”

സ്രാവ്‌ ഒന്നു നിര്‍ത്തിയിട്ട്‌ തുടര്‍ന്നു.

“ഒരു മരുന്നു മാത്രമേയുള്ളു പ്രതിവിധി. അതു കിട്ടിയാല്‍ രക്ഷപ്പെട്ടു. അല്ലെങ്കില്‍ രണ്ടോ മൂന്നോ ദിവസം കൂടി…”

“എന്താണു മരുന്ന്‌?” കുരങ്ങിന്‌ വല്ലാത്ത ഭയം തോന്നി.

“എന്റെ പൊന്നേ, എന്നോടു പൊറുക്ക്‌. കുരങ്ങന്റെ ഹൃദയമാണത്രെ ഒരേയൊരു മരുന്ന്‌.”

സ്രാവിന്റെ പുറത്തിരുന്ന കുരങ്ങന്‍ തലലചുറ്റുന്നതുപോലെ തോന്നി. അവന്റെ ഹൃദയമിടിപ്പു കൂടി. കണ്ണുകള്‍ നിറഞ്ഞുവന്നു. അവന്റെ ബുദ്ധി പക്ഷെ പെട്ടെന്നുണര്‍ന്നു. ചെറിയൊരു ചിരിയോടെ അവന്‍ സ്രാവിനെ പതിയെ തല്ലിക്കൊണ്ടു പറഞ്ഞു. “താങ്കളെന്തൊരു മണ്ടനാണ്‌. എന്തുകൊണ്ടിതു നേരത്തെ പറഞ്ഞില്ല? പകല്‍ മുഴുവന്‍ എന്റെ ഹൃദയം ഞാനവിടെ ആ മരപ്പൊത്തില്‍ ഒളിച്ചുവയ്ക്കും. ഞങ്ങള്‍ കുരങ്ങന്മാരില്‍ ചിലരുടെ വികൃതിയാണിതെന്നു കൂട്ടിക്കോ; ഹൃദയ മില്ലാത്ത എന്നെയും കൊണ്ട്‌ അവിടെച്ചെന്നിട്ട എന്തോ കാര്യം? താങ്കള്‍ ഉളിഭ്യനാവുന്നതു മിച്ചം. നേരത്തെ പറഞ്ഞിരുന്നെങ്കില്‍ എന്റെ ഹൃദയം പൊത്തില്‍നിന്നെടുത്തു തരില്ലായിരുന്നോ? നല്ല കാര്യത്തിനല്ലേ? എനിക്കെന്താ കുഴപ്പം?”

“അയ്യോ ഇനിയിപ്പോ എന്താ ചെയ്ക?”

സ്രാവു ചോദിച്ചു

“ആലോചിക്കാനെന്തിരിക്കുന്നു! തിരികെപ്പോയി പൊത്തില്‍ നിന്നു ഹൃദയമെടുക്കുക, എന്നിട്ട് നമ്മളിരുവരും കൂടി അതുമായി നേതാവിനരികിലെത്തുന്നു. അദ്ദേഹം താങ്കള്‍ക്കും എനിക്കും കൈ നിറയെ സമ്മാനങ്ങള്‍ തരുന്നു. ഇനി എന്താലോചിക്കാന്‍…”

വന്നതിനേക്കാള്‍ വേഗത്തില്‍ കുരങ്ങിനെയും കൊണ്ട്‌ സ്രാവ്‌ തിരിച്ചു നീന്തി. തീരത്തിറങ്ങിയ കുരങ്ങ്‌ സ്രാവിനോടു പറഞ്ഞു.

“ഒരുനിമിഷം, ഞാനതൊന്നു എടുത്തുകൊണ്ടുവരട്ടെ.”

പിന്നെ കുരങ്ങ്‌ ധൃതിയില്‍ മരത്തില്‍ ചാടിക്കയറി. കുറേനേരം കഴിഞ്ഞിട്ടും കുരങ്ങിനെ കാണാതെ സ്രാവു വിളിച്ചുചോദിച്ചു.

“സ്നേഹിതാ താങ്കളെവിടെയാണ്‌”

അപ്പോള്‍ മരത്തില്‍നിന്ന്‌ ഒരു പൊട്ടിച്ചിരി ഉയര്‍ന്നു. പിന്നെ ഇങ്ങനെ കേട്ടു. ” ഹൃദയമില്ലാത്ത വിഡ്ഢി. ഇനി നീയും ഞാനും സുഹൃത്തുക്കളല്ല. നീയെന്നെ ചതിക്കുകയായിരുന്നു.””

“അപ്പോള്‍ താങ്കളുടെ ഹൃദയം”

“മരപ്പൊത്തിലോ? വിഡ്ഢി, അതെന്റെ ശരീരത്തിലുണ്ട്‌, എപ്പോഴും. പൊയ്ക്കോ, നിന്നെ ഇനിയിവിടെ കാണരുത്‌.”

പിന്നെ ഒരു മരച്ചില്ല ഒടിച്ചെടുത്ത്‌ സ്രാവിനുനേരെ കുരങ്ങന്‍ വലിച്ചെറിഞ്ഞു.