പരുന്തിന്റെ കുഞ്ഞിനു നല്ല സുഖമില്ല. ഇതറിഞ്ഞ് പരുന്തി സഹോദരി അവിടെയെത്തിയിട്ടു പറഞ്ഞു. “ചിലന്തിയാണ് ഏറ്റവും നല്ല വൈദ്യന്‍. ഞാന്‍ പോയി അദ്ദേഹത്തെ കൂട്ടിക്കൊണ്ടു വരാം”
അങ്ങനെ അവള്‍ ചിലന്തിവൈദ്യരുടെ അടുക്കലെത്തി. രോഗവിവരമൊക്കെ പറഞ്ഞതിനുശേഷം ചിലന്തി പറഞ്ഞു. “വീട്ടിലേക്കുള്ള വഴി പറഞ്ഞുതരൂ. ഞാന്‍ പിന്നാലെ എത്തിക്കൊള്ളാം.”
വഴി കേട്ടപാടെ ചിലന്തി പറഞ്ഞു. “ഓ അതാണു വഴി. അപ്പോള്‍ വരവു നടക്കുമെന്നു തോന്നുന്നില്ല.”
“അയ്യോ വൈദ്യരേ, അങ്ങനെ പറയരുതേ.”
“എന്തു ചെയ്യാനാ വരുന്നതില്‍ എനിക്കു സന്തോഷമേയുള്ളു
അങ്ങോട്ടുള്ള വഴിയില്‍ പക്ഷേ ഒരു കോഴി താമസിക്കുന്നുണ്ട. എന്നെയവള്‍ കൊത്തിത്തിന്നും.”
പരുന്തിന്റെ സഹോദരിക്കു പോകാനാവുമായിരുന്നില്ല. അവള്‍ ചിലന്തിയുടെ കാലു പിടിച്ചു. ഒടുവില്‍ അവളുടെ കണ്ണുനീരിനും നിര്‍ബന്ധത്തിനും വഴങ്ങി ചിലന്തി സമ്മതം മൂളി.
“ശരി താങ്കള്‍ പൊയ്ക്കോളൂ. താമസിയാതെ ഞാനെത്തിക്കൊള്ളാം.”
തൊട്ടടുത്ത ഒരു വീട്ടിലെ ചികിത്സ കഴിഞ്ഞ് ചിലന്തി പരുന്തിന്റെ അടുക്കലേക്കു പുറപ്പെട്ടു. അതിനുമുന്‍പ് തന്റെ ചികിത്സാ സഞ്ചി യില്‍ ഒരു കുറിപ്പെഴുതിയിടാനും മറന്നില്ല.
യാത്രാമധ്യേ ചിലന്തി ആ കോഴിയെ കണ്ടു. പെട്ടെന്നുതന്നെ ഒരു മരത്തിനു പിറകില്‍ ഒളിച്ചെങ്കിലും കോഴി ചിലന്തിയെ കണ്ടു കഴിഞ്ഞിരുന്നു.
ഒട്ടും താമസിച്ചില്ല; കോഴി ചിലന്തിയെ കൊന്ന് തന്റെ കുഞ്ഞു ങ്ങള്‍ക്ക് കൊടുത്തു. ഏറെനേരം കഴിഞ്ഞിട്ടും വൈദ്യരെ കാണാതെ പരുന്ത് നിരാശനായി. വൈദ്യരെ തേടിയിറങ്ങിയ പരുന്ത് കോഴിയുടെ വീടിനരികിലെത്തി. അതാ കിടക്കുന്നു വൈദ്യരുടെ സഞ്ചി.
സഞ്ചി പരിശോധിച്ച പരുന്തിനു ചിലന്തി എഴുതി വച്ചിരുന്ന കുറിപ്പില്‍നിന്നു കാര്യം പിടികിട്ടി. “വരുന്ന വഴി കോഴി എന്നെ കൊന്നു കളഞ്ഞു.”
തിരിച്ചു പറന്ന പരുന്ത് വീട്ടിലെത്തിയപ്പോള്‍ പരുന്തിന്‍കുഞ്ഞു മരിച്ചു കഴിഞ്ഞിരുന്നു.
ദുഃഖവും കോപവും അടക്കാനാവാതെ പരുന്ത് കോഴിയുടെ വീട്ടിലെത്തി കുഞ്ഞുങ്ങളെ ഓരോന്നിനെയായി കൊന്നു തിന്നു. അന്നു മുതല്‍ തരം കിട്ടുമ്പോഴൊക്കെ പരുന്ത് കോഴിക്കുഞ്ഞുങ്ങളെ റാഞ്ചാന്‍ തുടങ്ങി.