വളരെ പണ്ട് നായ കാട്ടുമൃഗമായിരുന്നു. വീടുകളിലൊന്നും നായകളെ വളര്‍ത്തുന്ന രീതിയുണ്ടായിരുന്നില്ല.
അന്ന് നായയുടെ ഏറ്റവും അടുത്ത സുഹൃത്ത് ചെന്നായ ആയിരുന്നു. ഒന്നിച്ചുള്ള താമസം. ഒന്നിച്ചുള്ള വേട്ടയാടല്‍ ഒന്നിച്ചുള്ള ഭക്ഷണം.
ഒരിക്കല്‍ വൈകുന്നതുവരെ വേട്ടയാടിയിട്ടും ഒന്നുംതന്നെ അവര്‍ക്കു കിട്ടിയില്ല. നേരം വൈകിയപ്പോള്‍ നല്ല തണുത്ത കാറ്റു വീശാനും തുടങ്ങി. അസഹനീയമായ തണുപ്പും നല്ല വിശപ്പും.
“വിശപ്പിനൊപ്പം ഈ തണുപ്പുംകൂടി സഹിക്കാനാവുന്നില്ല.” നായ പറഞ്ഞു.
“നാളെ നമുക്കു നല്ല കൊച്ചു മാനിനെ വേട്ടയാടിപ്പിടിക്കാം. ഇപ്പോള്‍ കിടന്നുറങ്ങു സ്നേഹിതാ.” ചെന്നായ പറഞ്ഞു.
നായക്കു പക്ഷെ ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും രക്ഷയില്ല. ചെന്നായയും ഉറങ്ങിയിട്ടില്ല.
അപ്പോഴതാ അല്പം ദൂരെയായി ഒരു ചെറുവെളിച്ചം.
“ഏയ് സുഹൃത്തേ നോക്കു, എന്തോന്നാ ആ വെളിച്ചം”
“ഓ, അവിടൊരു ഗ്രാമമുണ്ട്. അവിടത്തെ ഏതോ ഒരു വീട്ടില്‍ അടുപ്പ് കൂട്ടുന്നതാ. നിനക്കറിയാലോ…” ചെന്നായ നിസ്സംഗനായി പറഞ്ഞു.
“തീയ്ക്കു നല്ല ചൂടല്ലേ. നീ നല്ല ധീരനല്ലേ ചെന്ന് അല്പം തീ കൊണ്ടുവാ.” നായ പറഞ്ഞു.
വേണമെങ്കില്‍ നീ പോയി എടുക്കൂ. എനിക്കുറക്കം വരുന്നു.” ചെന്നായ പറഞ്ഞു.
നായക്ക് മനുഷ്യരെ പേടിയാണെങ്കിലും എങ്ങനെയെങ്കിലും ചുടു കിട്ടണമെന്നുണ്ട്. മാത്രമല്ല മനുഷ്യന്റെ വീടിനടുത്ത് എല്ലിന്‍ കഷണ മൊക്കെ കണ്ടെന്നും വരും. പട്ടിണിയും തണുപ്പും അവന്റെ ഭയം കുറച്ചു. അവന്‍ പറഞ്ഞു
“സുഹൃത്തേ ഞാന്‍ ഏതായാലും ഒന്നു പോയി നോക്കട്ടെ. വല്ല എല്ലിന്‍കഷണവും കിട്ടിയാല്‍ അതുകൂടി എടുക്കാമല്ലോ.”
ഞാന്‍ വരാന്‍ വൈകിയാല്‍ നീ ഓരിയിടണം. അപ്പോള്‍ നിന്റെ അടുക്കലേയ്ക്കുള്ള വഴി എനിക്കു തെറ്റില്ല.”
ഗ്രാമത്തിലെ വീടിനരികിലെത്തിയ നായ തിയുടെ അരികിലായി നല്ല കുറെ എല്ലിന്‍കഷണങ്ങള്‍ കിടക്കുന്നതു കണ്ടു, പതിയെ അവൻ അതിനടുത്തെത്തിയപ്പോള്‍ അതാ കുടിലിനുള്ളില്‍നിന്നു ഒരു മനുഷ്യന്‍ പുറത്തുവരുന്നു. ഭയന്നുപോയ നായ വളരെ ദയനീയമായി കരഞ്ഞു.
“എന്നെ കൊല്ലല്ലേ ചേട്ടാ. ഞാനൊരു പാവമാണേ. വിറച്ചിട്ടുവയ്യ. അല്പം തീ കാഞ്ഞ് ഇപ്പംതന്നെ പൊയ്ക്കൊള്ളാം.”
നായയുടെ ദയനീയ മുഖവും ഭവ്യതയോടെയുള്ള സംസാരവും, ആ മനുഷ്യനെ സ്പര്‍ശിച്ചു.
“ശരി , കുറച്ചുനേരം കഴിഞ്ഞ് സ്ഥലം വിട്ടോണം.”
പിന്നെ അയാള്‍ കുടിലിലേക്കു കയറിപ്പോയി. ഒരു വലിയ എല്ലിന്‍ കഷണവും കടിച്ചുപൊട്ടിച്ചുകൊണ്ട് അവന്‍
തീയ്ക്കരുകില്‍ ഇരുന്നു.
വീണ്ടും പുറത്തിറങ്ങിവന്ന മനുഷ്യന്‍ നായ ഇതുവമെ പോയില്ലെന്നു കണ്ടു.
“ങേ ഇതുവരെ പോയില്ലേ, ആവശ്യത്തിനു ചൂടു കിട്ടിയില്ലേ.”
മനുഷ്യരോടുള്ള ഭയം പതിയെ മാറിത്തുടങ്ങിയ നായ പറഞ്ഞു.
“ഇല്ലെന്നേ, ഇത്തിരിനേരം കൂടി ഞാനിവിടെ ഇരുന്നോട്ടെ.”
ആ മനുഷ്യന്‍ ഒന്നുചിരിച്ചു. എന്നിട്ട് ഉള്ളിലേക്കു പോയി.
അല്പ നേരം കഴിഞ്ഞ് വീണ്ടും മടങ്ങിവന്ന് പഴയ ചോദ്യം ആവര്‍ത്തിച്ചു. ഉത്തരവും പഴയതുതന്നെ.
മുന്നാമത്തെ തവണ പുറത്തു വന്നപ്പോഴും നായ അവിടെത്തന്നെയുണ്ട്. ഇപ്പോള്‍ നായയുടെ ഭയം ഏതാണ്ട് പൂര്‍ണ്ണമായും മാറിയിരുന്നു. മനുഷ്യന്‍ എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പേ അവന്‍ പറഞ്ഞു.
“എന്റെ പൊന്നു ചേട്ടാ, ഞാനീ കുടിലിന്റെ അരികില്‍ കിടന്നോളാം. കാട്ടിലാണെങ്കില്‍ നല്ല തണുപ്പ്, കഴിക്കാന്‍ പോലും ചിലപ്പോള്‍ ഒന്നും കിട്ടാറില്ല. വെറുതെ വേണ്ട ചേട്ടാ, ഈ വീടിന്റെ സംരക്ഷണം ഇതാ ഈ ഞാന്‍ ഏറ്റെടുത്തോളാം, ദിവസവും കുറച്ചെത്തെങ്കിലും കഴിക്കാന്‍ തന്നാല്‍ കുശാലായി.”
ഒട്ടുനേരം ആലോചിച്ചിട്ട അയാള്‍ പറഞ്ഞു.
“ശരി നീ ഇവിടെ കൂടിക്കോ, ഞങ്ങള്‍ക്കു ഒരു കൂട്ടുമായല്ലോ.”
അന്നു മുതല്‍ നായ മനുഷ്യനു തുണയായി. അവന്റെ വീട്ടു കാവല്‍ക്കാരനായി. അതോടെ നായ വലിയൊരു ജീവിതസത്യവും പഠിച്ചു.
ഭയപ്പെടുന്നതെന്തോ അതു ചെയ്യുക; ഭയം താനേ മാറിക്കൊള്ളും.