പുലിയമ്മയും കുറുനരിയും

malayalam stories for kids

പുരോഗമനാശയങ്ങള്‍ ഉള്ള മിടുക്കനും നല്ലവനുമായ ഒരു മൃഗമാണ്‌ ടട്ടുവ കുറുക്കനെന്നാണ്‌ എല്ലാവരുടെയും വിശ്വാസം. താൻ ആ വിധത്തിലുള്ളതാണ്‌ എന്നു വരുത്തിതീര്‍ക്കാന്‍ അയാള്‍ ഏറെ ശ്രദ്ധിച്ചിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ ആര്‍ക്കും മനസ്സിലാവാത്ത ഭാഷകളൊക്കെ സംസാരിക്കും.

വലിയ വലിയ ആള്‍ക്കാരുടെ ഭാഷയാണതൊക്കെ എന്ന്‌ പറയുകയും ചെയ്യും. ഏതായാലും ടുട്ടുവ കുറച്ചുനാള്‍ സ്വന്തം കാട്ടില്‍ ഇല്ലാതിരുന്നതിനാല്‍ അതൊക്കെ സത്യമാണെന്ന്‌ എല്ലാവരും വിശ്വസിച്ചു. അതുകൊണ്ടാണ്‌ പല കാര്യങ്ങളിലും ഒരു ജഡ്ജിയുടെ സ്ഥാനം ടുട്ടുവയ്ക്ക്‌ നല്കിയിരുന്നത്‌.

അതിമനോഹരമായി സംസാരിക്കുന്നതിനുള്ള കഴിവും സവിശേഷമായ ശൈലിയും മറ്റും അയാളെ മറ്റുള്ളവര്‍ക്ക്‌ ബഹുമാന്യനാക്കി. തന്റെ എല്ലാ ദുഷ്ടതകളും പക്ഷേ ഭംഗിയായി മറച്ചുപിടിക്കാന്‍ അയാള്‍ക്കു കഴിഞ്ഞു.

ടുട്ടുവ കുറുനരിയെക്കുറിച്ചുള്ള മറ്റുള്ളവരുടെ നല്ല അഭിപ്രായം പുലിയമ്മ പലതവണ കേട്ടിരുന്നു. തന്റെ കുഞ്ഞുങ്ങള്‍ക്ക്‌ വളരെ നല്ല വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹമാണ്‌ പുലിയമ്മയെ ടട്ടുവയുടെ അടുക്കലെത്തിച്ചത്‌.

അധ്യാപനം തന്റെ ജോലിയല്ല എന്നൊക്കെ പറഞ്ഞ്‌ ഒഴിഞ്ഞു മാറുന്നതുപോലെ കാണിച്ചെങ്കിലും കാട്ടിലെ പ്രമാണിമാരില്‍ ഒരുവളായ പുലിയമ്മ അപേക്ഷിക്കുമ്പോള്‍ തനിക്കതു തള്ളിക്കളയാ നാവില്ലെന്ന്‌ വിനയത്തോടെ കുറുനരി ഒടുവില്‍ പറഞ്ഞു.

“ശരിയാണ്‌, പലരും പഠിപ്പിക്കുന്നവരുണ്ട്‌. പക്ഷേ ഏറ്റവും നല്ല വിദ്യാഭ്യാസം എന്റെ കുട്ടികള്‍ക്കു കിട്ടണം… അതാണ്‌…”

“ശരി ശരി, ഞാനതേറ്റു. പക്ഷെ ചില വ്യവസ്ഥകളൊക്കെയുണ്ട്‌ കേട്ടോ”

“എന്താണെങ്കിലും വേണ്ടില്ല, എന്റെ കുഞ്ഞുങ്ങള്‍ മിടുക്കരായി വളരണം. അത്രേയുള്ളു.”

തന്റെ കുഞ്ഞുന്നാളില്‍ അപ്പുറത്തെ കാട്ടിലെ ചെന്നായ ടീച്ചറിന്റെ വീട്ടില്‍ താമസിച്ചു പഠിച്ചതും അതുകൊണ്ടുണ്ടായ ഗുണങ്ങളും മറ്റും ടട്ടുവ കുറുനരി പുലിയമ്മയ്ക്ക്‌ ഭംഗിയായി വിശദീകരിച്ച്‌ കൊടുത്തു. പുലിയമ്മയുടെ കുഞ്ഞുങ്ങളുടെ അതേ പ്രായം തന്നെ ആയിരുന്നു അന്നു തനിക്കെന്നും ആ ഗ്രാമത്തില്‍ ലഭിക്കുന്ന ഏത്‌ അറിവും പെട്ടെന്ന്‌ ഉള്‍ക്കൊള്ളുമെന്നും ടട്ടുവ പുലിയമ്മയ്ക്ക്‌ മനസ്സിലാക്കിക്കൊടുത്തു.

എല്ലാം മുളിക്കേട്ടുകൊണ്ടിരുന്ന പുലിയമ്മയോട്‌ കുറുനരി പറഞ്ഞു.

“ഭാഗ്യം, എന്റെ വീട്ടില്‍തന്നെ താമസിച്ചു പഠിക്കാന്‍ പറ്റിയ ഒരു മുറിയുണ്ട്‌. എന്റെ ഭാര്യ ആ മുറിയൊക്കെ ഒന്നുകൂടി മനോഹരമാക്കും.”

“തീരെ കുഞ്ഞുങ്ങളാ. ഇതുവരെ പിരിഞ്ഞൊന്നും പോയിട്ടില്ല.” തള്ളപ്പുലി നൊമ്പരപ്പെട്ടു.

“എന്തിനു ദുഃഖിക്കണം? രണ്ടുമുന്നുവര്‍ഷം കഴിയുമ്പോള്‍ അതുങ്ങള്‍ നല്ല പ്രഗല്ഭരായി വരില്ലേ. അതിനൊരു കൊച്ചുത്യാഗം, എന്തേ?”

പുലിയമ്മ ഒന്നും പറഞ്ഞില്ല. കുറുനരി തുടര്‍ന്നു.

“പിന്നെയൊരു കാര്യം കൂടി. എന്റെ കുഞ്ഞ്‌ ഉള്‍പ്പെടെ ഏഴു കുഞ്ഞുങ്ങള്‍. അവര്‍ക്കൊക്കെ ആഹാരം കണ്ടെത്തുക ഒരു പണിയാണെന്നറിയാമല്ലോ; സാരമില്ല. ഫീസിനുപുറമേ മാസത്തിലൊരു തവണ നല്ലൊരാട്ടിന്‍കുട്ടിയെക്കൂടി കൊടുത്തുവിടണം; കൊടുത്തു വിട്ടാല്‍ മതി.”

“ഇല്ല, ഞാന്‍ തന്നെ വന്നോളാം. കുഞ്ഞുങ്ങളെ കാണുകയും ചെയ്യാമല്ലോ.”

“ഓ അതുവേണ്ട. അതുപറയാന്‍ ഞാന്‍ വിട്ടുപോയി. ചെന്നായ സാറിന്റെ വീട്ടില്‍ ഞാന്‍ പഠിച്ചപ്പോ മുന്നുവര്‍ഷം, കൃത്യം മൂന്നു വര്‍ഷം കഴിഞ്ഞാ എന്റെ അച്ഛനും അമ്മയും എന്നെ കാണാന്‍ വന്നത്‌. അക്കാര്യത്തില്‍ സാറിന്‌ നിര്‍ബന്ധമുണ്ടായിരുന്നു.

അല്ലെങ്കില്‍ പഠിപ്പ്‌ ശരിയാവില്ലാന്ന്‌ സാറ്‌ പറയുമായിരുന്നു. അതിന്റെ ഗുണമെനിക്കുണ്ടെന്നു വച്ചോ. താങ്കളുടെ കാരൃത്തില്‍ ഒരു വിട്ടു വീഴ്ചയാവാം. വര്‍ഷത്തിലൊരിക്കല്‍….. പോരെ?”

“അയ്യോ അതുവേണ്ട. അങ്ങേരാണെങ്കില്‍ ഭൂമുഖത്തില്ല. എന്റെ കുഞ്ഞുങ്ങളെ ഒരു വര്‍ഷമൊക്കെ കാണാതിരുന്നാല്‍ എനിക്കു വട്ടു പിടിക്കും. ബാക്കി വ്യവസ്ഥയൊന്നും പ്രശ്നമില്ല. പക്ഷെ ഇത്‌ എന്നെക്കൊണ്ടാവില്ല.”

പുലിയമ്മയുടെ മനസ്സു മനസ്സിലാക്കിയ ടട്ടുവ നയത്തില്‍ പറഞ്ഞു.

“പഠിപ്പിക്കാമെന്നു ഞാനങ്ങ്‌ ഏറ്റും പോയല്ലോ. വാക്കു മാറുന്നത്‌ എന്നെപ്പോലുള്ളവര്‍ക്ക്‌ ചേര്‍ന്നതല്ല. എങ്കിലും താങ്കളുടെ വിഷമം എനിക്കു മനസ്സിലാവും. ഒരു വിട്ടുവീഴ്ച. ഒരേയൊരു വിട്ടുവീഴ്ച.”

പുലിയമ്മ വളരെ ആകാംക്ഷയോടെ കുറുനരിയെ നോക്കി.

“മാസത്തില്‍ ഒരുതവണ കുഞ്ഞുങ്ങളെ കാണാനുള്ള അവസരം ശരിയാക്കിത്തരാം. എന്താ പോരേ?”

“മതി മതി. ധാരാളം മതി.”

തൊട്ടടുത്ത ദിവസംതന്നെ കുഞ്ഞുങ്ങളുമായി പുലിയമ്മ അവിടെയെത്തി. പിരിയുന്ന ദിവസം വളരെയേറെ വേദനപ്പെടുത്തുന്നതായിരുന്നു. പുലിയമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. എല്ലാം അവരുടെ നല്ലതിനു വേണ്ടിയുള്ളതാണല്ലോ എന്ന ആശ്വാസത്തില്‍ പുലിയമ്മ പിരിഞ്ഞു.

കൃത്യം ഒരു മാസം. പുലിയമ്മ കുറുനരിയുടെ വീട്ടിലെത്തി വാതിലില്‍ മുട്ടിവിളിച്ചു.

ടട്ടുവ പുറത്തിറങ്ങി വന്ന്‌ പുലിയമ്മയെ സ്വീകരിച്ചു. എന്നിട്ട പതിയെ പറഞ്ഞു. “ഇവിടെ ഈ മരത്തണലില്‍ നമുക്കിരിക്കാം. താങ്കളുടെ ശബ്ദം നമ്മുടെ കുഞ്ഞുങ്ങള്‍ കേള്‍ക്കണ്ട. ഞാനിപ്പം വരാം

കുറുനരി അകത്തുപോയി അലപം കഴിഞ്ഞ്‌ മടങ്ങിയെത്തി.

“കുഞ്ഞുങ്ങള്‍ അമ്മയെ കാണണ്ട, അതു പ്രശ്നമാവും. നമുക്കിവിടെ ഇരിക്കാം. അവളിപ്പോള്‍ ഭക്ഷണം കൊണ്ടുവരും. അതൊക്കെ കഴിച്ചിവിടെ ഇരിക്കുമ്പോള്‍ എന്റെ ഭാര്യ ജനലിലൂടെ ഓരോ കുഞ്ഞുങ്ങളെ ഉയര്‍ത്തിക്കാണിക്കും. പോരെ?”

“എനിക്കു അകത്തുകേറി ഒരുനോക്ക്‌ അവരെ കാണാന്‍…”

“ദേ ഇതാണു പ്രശ്നം. അതാണ്‌ ഞാന്‍ അദ്യം പറഞ്ഞത്‌. വര്‍ഷത്തിലൊരിക്കല്‍ കണ്ടാല്‍ മതിയെന്ന്‌. കുട്ടികളുടെ പഠനത്തിലെ ശ്രദ്ധ വിട്ടുപോകുമെന്നു മാത്രമല്ല വീട്ടിലേക്കു മടങ്ങണമെന്ന്‌ വാശി പിടിക്കുകയും ചെയ്യും. ഒക്കെ കൊളമാകും..”

ഒടുവില്‍ പുലിയമ്മ സമ്മതിച്ചു. അവര്‍ ഭക്ഷണം കഴിച്ചുകൊണ്ടി മിക്കുമ്പോള്‍ അതാ ജനലിന്നരികില്‍ ഒന്നാമത്തവന്‍ ഉയര്‍ന്നു വരുന്നു. അവന്റെ പിന്‍വശം മാത്രം കണ്ട്‌ പുലിയമ്മ തൃപ്തിപ്പെട്ടു.

രണ്ട്‌, മുന്ന്‌, നാല്‍, അഞ്ച്‌, ആറ്‌.

ആറു മക്കളുടെയും പുറം മാത്രം കണ്ട്‌ അവര്‍ മടങ്ങി.

ആറുകുഞ്ഞുങ്ങളില്‍ ഒരെണ്ണം പക്ഷേ വന്ന ദിവസം തന്നെ അച്ചാറായിക്കഴിഞ്ഞിരുന്നു.

മാസം രണ്ട്‌, മാസം മുന്ന്‌ മാസം നാല്‍, മാസം അഞ്ച്‌.

എല്ലാ മാസവും കൃത്യമായി നല്ലൊരാട്ടിന്‍കുട്ടിയുമായി പുലിയമ്മ വരുകയും കുഞ്ഞുങ്ങളുടെ പിന്‍ഭാഗം കണ്ട്‌ സന്തോഷത്തോടെ മടങ്ങുകയും ചെയ്തു.

ഒടുവില്‍ ആറാമത്തെ മാസമെത്തി. ആറാമത്തെ കുഞ്ഞിനെ ആറുതവണ ഉയര്‍ത്തികാണിച്ചുകൊണ്ട്‌ കുറുനരിയുടെ ഭാര്യ അടുക്കളയിലേക്കു പിന്‍വലിച്ചു.

അടുത്ത മാസം അവിടെയെത്തിയ പുലിയമ്മ കണ്ടത്‌ വാതിലില്‍ എഴുതിവച്ചിരുന്ന ഒരു കുറിപ്പായിരുന്നു.

പഠനത്തിന്റെ ഭാഗമായി കുട്ടികളുമായി യാത്ര പോകുകയാണ്‌ അവരുടെ ബുദ്ധിപരമായ വളർച്ചയ്ക്ക്‌ ഈ യാത്ര വളരെ അത്യാവശ്യമാണ്‌.

പല മാസവും പുലിയമ്മ കുറ്റുനരിയുടെ വീട്ടില്‍ വന്നു മടങ്ങി. പാമ്പുകളും പഴുതാരകളും ചിലന്തികളും കൊണ്ട ആ വീട നിറയുന്നതുവരെ. പക്ഷെ ഒരിക്കലും അവര്‍ മടങ്ങിവന്നില്ല.

പൊന്ന്‌ ഉറച്ചറിയണം, ആളെ അടുത്തറിയണം.