വളരെ പാവംപിടിച്ചൊരു പെണ്ണായിരുന്നു ചിന്‍ഡ്രില. അവളുടെ അമ്മ മരിച്ചതിനുശേഷം അച്ചന്‍ വീണ്ടും വിവാഹം കഴിച്ചപ്പോള്‍ വാസ്തവത്തില്‍ അവള്‍ക്ക് അതിയായ സന്തോഷം തോന്നി. പക്ഷെ ആ സന്തോഷം ഏറെനാള്‍ നീണ്ടുനിന്നില്ല. കാരണം രണ്ടാനമ്മയ്ക്ക് അവളോട ഇഷ്ടമില്ലായിരുന്നു.
എന്നുമാത്രമല്ല വളരെ ക്രുരവുമായിരുന്നു പെരുമാറ്റം. തരം കിട്ടുമ്പോഴൊക്കെ പാവം ചിന്‍ഡ്രിലയെ വല്ലാതെ ദ്രോഹിക്കും. അവള്‍ക്ക് ആഹാരംപോലും പലപ്പോഴും കൊടുത്തിരുന്നില്ല. ദുഃഖവും വേദനയും സഹിക്കാനാവാതെ വരുമ്പോള്‍ അമ്മയുടെ കുഴിമാടത്തില്‍ പോയിരുന്ന് അവള്‍ കരയുകയും പ്രാർത്ഥിക്കുകയും ചെയ്തു.
“എന്റെ അമ്മ എന്നെ രക്ഷിക്കും.”
ഒടുവില്‍ ഇതു പറഞ്ഞിട്ട് അവള്‍ മടങ്ങും.
അങ്ങനെയിരിക്കെ ഒരുദിവസം അവള്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കെ കുഴിമാടത്തിന്റെ മണ്ണ് അല്പം പിളര്‍ന്നു മാറി. അവിടെ ഒരു മുളപൊട്ടുന്നു. വിടര്‍ന്ന കണ്ണുകളോടെ അവള്‍ അതു നോക്കിയിരിക്കെ ആ ചെറിയ മുള അതാ അത്ര ചെറുതല്ലാത്ത മരമായി വളരുന്നു. അതില്‍ നിറയെ പഴങ്ങള്‍.
കാറ്റില്‍ ഇളകിയാടിയ ഇലകള്‍ അപ്പോള്‍ അവളോടു പറഞ്ഞു.
“മോളേ ഞാനിവിടെ നിന്റെ അരികിലുണ്ട്. നീ ഇതിന്റെ പഴങ്ങള്‍ ഭക്ഷിച്ചുകൊള്ളൂ.”’
“ഹായ് എന്ത് നല്ല രുചി”.
അവള്‍ ആ പഴങ്ങള്‍ മതിയാവോളം പറിച്ചു തിന്നു. മിക്കവാറും എല്ലാ ദിവസവുംതന്നെ ഇതു തുടര്‍ന്നുവന്നു. ചിന്‍ഡ്രിലയുടെ പ്രസരിപ്പും മുഖത്തെ പ്രസന്നതയും കണ്ടപ്പോള്‍ രണ്ടാനമ്മയ്ക്ക് ഇതിലെന്തോ മഹസ്യമുണ്ടെന്നു തോന്നി. അവര്‍ സൂത്രത്തില്‍ അവളെ പിന്‍തുടര്‍ന്നു കാര്യം മനസ്സിലാക്കി.
ദുഷ്ടയായ അവര്‍ ഭര്‍ത്താവിനെ പ്രേരിപ്പിച്ച് മരം വെട്ടിക്കളഞ്ഞു. അടുത്ത ദിവസം ചിന്‍ഡ്രില മരച്ചുവട്ടിലിരുന്ന് കരഞ്ഞ് പ്രാര്‍ത്ഥിച്ചിട്ടു പറഞ്ഞു.
“എന്റെ അമ്മ എന്നെ കൈവിടില്ല. അമ്മ തീര്‍ച്ചയായും എന്നെ രക്ഷിക്കും.”
പെട്ടെന്നതാ, ആ മരം നിന്നിടത്ത് മത്തങ്ങ പോലൊരു സാധനം. അതിന്റെ മുകള്‍ഭാഗത്തായി ചെറിയൊരു സുഷിരമുണ്ട്. ആ സുഷിരത്തിനുള്ളില്‍ നിന്നു വന്ന വാക്കുകള്‍ ഒട്ടൊന്നുമല്ല അവളെ സന്തോഷിപ്പിച്ചത്.
“മോളേ, ഈ സുഷിരത്തില്‍ നിന്റെ ചുണ്ടും മുഖവും അമര്‍ത്തി ഇതില്‍നിന്നുള്ള ചാറു കുടിച്ചുകൊള്ളൂ.”
പിന്നെ കുറെ ദിവസം അവള്‍ക്കു നല്ല ഉത്സാഹമായിരുന്നു. അത്രയേറെ രുചികരവും ഉന്മേഷദായകവുമായ പാനീയം അവള്‍ കുടിച്ചിട്ടേയില്ല.
കാര്യം മനസ്സിലാക്കിയ രണ്ടാനമ്മ രാത്രിയില്‍ കത്തിയുമായിച്ചെന്ന് അതു മുറിച്ചെടുത്ത് നശിപ്പിച്ചു കളഞ്ഞു.
ചിന്‍ഡ്രിലയ്ക്ക് ദുഃഖം അടക്കാനായില്ല. അവള്‍ വീണ്ടും അമ്മയുടെ കുഴിമാടത്തിനരികിലെത്തി വിലപിക്കുവാന്‍ തുടങ്ങി. ഏറെ നേരം കഴിഞ്ഞില്ല അവിടെയൊരു കൊച്ചുതടാകം രൂപം കൊണ്ടു.
അതില്‍നിന്ന് ആവോളം കുടിച്ചോളൂ എന്നു പറയുന്നത് അവള്‍ വ്യക്തമായി കേട്ടു. അവള്‍ കുനിഞ്ഞിരുന്ന് ആ വെള്ളം കുടിച്ചു. അവളുടെ വിശപ്പും ദാഹവും എങ്ങുപോയെന്ന് അവള്‍ക്കുതന്നെ മനസ്സിലായില്ല.
രണ്ടാനമ്മയുണ്ടോ പക്ഷേ അവളെ സന്തോഷിപ്പിക്കാന്‍ വിടുന്നു? ഭര്‍ത്താവിനോട് പറഞ്ഞ് ആ തടാകം മൊത്തം മണ്ണിട്ടു മൂടിക്കളഞ്ഞപ്പോഴാണ് അവര്‍ക്കു സമാധാനമായത്.
അടുത്ത ദിവസം അവിടെയെത്തിയ ചിന്‍ഡ്രിലയുടെ ദുഃഖം ആർക്കും കണ്ടുനില്ക്കാനാവുമായിരുന്നില്ല. നെഞ്ചത്തടിച്ചു വിലപിക്കുന്നതിനിടയിലും
“എന്റെ അമ്മ എന്നെ സഹായിക്കും. എനിക്കുറപ്പ്” എന്നവള്‍ പറഞ്ഞുകൊണ്ടിരുന്നു.
നേരം പോയതവള്‍ അറിഞ്ഞില്ല. തന്റെ ചുമലില്‍ ആരോ തൊട്ടു വെന്ന് തോന്നിയപ്പോള്‍ അവള്‍ മെല്ലെ തിരിഞ്ഞുനോക്കി. സുന്ദരനായ ഒരു ചെറുപ്പക്കാരന്‍.
“എന്തേ ഇങ്ങനെയിരുന്നു കരയുന്നു?”
അവന്‍ അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് ചോദിച്ചു. ചിന്‍ഡ്രില അവളുടെ വേദന മുഴുവന്‍ അവനോടു പറഞ്ഞു.
“വരൂ, നമുക്ക് നിന്റെ വീട്ടിലേക്കു പോവാം”
അവളുടെ വീട്ടിലെത്തിയ അവന്‍ ചിന്‍ഡ്രിലയുടെ അച്ഛനോട അവളെ തനിക്കു വിവാഹം ചെയ്തു തരണമെന്നു അപേക്ഷിച്ചു.
അയാള്‍ എന്തെങ്കിലും പറയും മുന്‍പേ രണ്ടാനമ്മ അവനോടു പറഞ്ഞു. “അതിനെന്താ, ഞങ്ങള്‍ക്കു സന്തോഷമേയുള്ളു. പക്ഷേ കല്യാണത്തിനു സദ്യ നടത്താന്‍ ഇറച്ചി വേണം. നീയൊരു പ്രന്തണ്ടു കാട്ടു പോത്തിനെ അമ്പെയ്തു വീഴ്ത്തു. നിനക്കിവളെ കെട്ടിച്ചുതരാം. എന്തേ?”
അതൊരിക്കലും സാധ്യമാകുകയില്ല എന്നുതന്നെ രണ്ടാനമ്മ കരുതി. അവനും കാര്യം നടക്കില്ലെന്നു തോന്നി. കേട്ടുനിന്ന ചിന്‍ഡ്രിലയ്ക്കു പക്ഷേ ഒന്നിലും സംശയമുണ്ടായിരുന്നില്ല.
ചിന്‍ഡ്രില അവനെയും കൂട്ടി അമ്മയുടെ ശവകുടീരത്തിനടുത്തെത്തി. വേദനയോടെ ദീര്‍ഘമായി പ്രാര്‍ത്ഥിച്ചു.
“എന്റെ തടിയെടുത്ത് അമ്പും വില്ലുമുണ്ടാക്കി വേട്ട നടത്തു.”
വലിയൊരു കുറ്റി മാത്രമായി നിന്ന പഴയ വൃക്ഷത്തിനുള്ളില്‍ നിന്ന് സ്വരമുയര്‍ന്നു.
ചെറുപ്പക്കാരന്‍ ആ തടി ഉപയോഗിച്ച് അമ്പും വില്ലുമുണ്ടാക്കി. ഏറെനേരം കഴിയുന്നതിനു മുന്‍പേ അതാ അല്പം ദൂരെയായി പന്ത്രണ്ട് കാട്ടുപോത്തുകള്‍ വിശ്രമിക്കുന്നത് കാണായി. അവന്‍ അവയ്ക്കുനേരെ വില്ലു കുലച്ചു.
പ്രന്തണ്ടെണ്ണവും ഒരു നിമിഷത്തിനുള്ളില്‍ അവന്റെ അമ്പുകള്‍ക്കിരയായി. ആ ഗ്രാമത്തിലെ ഏറ്റവും നല്ല കല്യാണവിരുന്ന് ചിന്‍ഡ്രിലയുടേതായിരുന്നുവെന്ന് ഇന്നും ഗ്രാമവാസികള്‍ പറയാറുണ്ട്.
(കൃത്യമായ ലക്ഷ്യബോധവും ഉറച്ച വിശ്വാസവുമുണ്ടെങ്കില്‍ അതിനായി പ്രപഞ്ചശക്തികള്‍ സഹായിക്കാനെത്തുമെന്ന് പതഞ്ജലിയുടെ യോഗസൂര്തം.)