ആമയുടെ ബുദ്ധി

Malayalam stories for kids 14

കരടിയുടെ കൊതി എന്ന കഥയ്ക്കു സമാനമായ മറ്റൊരു കഥ കൂടിയുണ്ട്‌. വെള്ളത്തിനു ക്ഷാമമുണ്ടാകും എന്നു മുന്‍കൂട്ടി മനസ്സിലാക്കിയ സിംഹരാജന്‍ തന്റെ മ്രന്തിമാരുടെ ഒരു യോഗം വിളിച്ചു.

കടുവ, പുള്ളിപ്പുലി, ചെന്നായ, കുറുക്കന്‍, ആമ. ഇവരാണ്‌ സിംഹത്തിന്റെ മന്ത്രിമാര്‍. കാര്യങ്ങളൊക്കെ വിശദീകരിച്ചതിനുശേഷം വെള്ളം എവിടെയെങ്കിലും തടഞ്ഞുകെട്ടി സൂക്ഷിക്കണമെന്ന്‌ സിംഹം ആവശ്യപ്പെട്ടു.

അടുത്തദിവസം മുതല്‍ പണി തുടങ്ങുന്നതിനും നിര്‍ദ്ദേശിച്ചു. കുറുക്കന്‍ മാത്രം ഇക്കാര്യത്തില്‍ വിസമ്മതം പ്രകടിപ്പിച്ചു. പണികളിലൊന്നും കുറുക്കന്‍ സഹകരിച്ചുമില്ല. അടുത്ത വേനല്‍ വന്നപ്പോള്‍ ജലസംഭരണിയില്‍ നിറഞ്ഞു കിടക്കുന്ന ജലം കണ്ട്‌ മൃഗങ്ങള്‍ വളരെയേറെ സന്തോഷിച്ചു.

ഒരു ദിവസം ചെന്നായ നോക്കുമ്പോള്‍ സംഭരണിയിലെ ജലം കലങ്ങിക്കിടക്കുന്നു. അടുത്തദിവസം അവന്‍ ഒളിച്ചിരുന്നു കാര്യം മനസ്സിലാക്കി. കുറുക്കന്‍! അവന്‍ ആരും കാണാതെ സുത്രത്തിലെത്തി വെള്ളം കുടിക്കുകയും വിശാലമായി കുളിക്കുകയും ചെയ്യുന്നു. സംഗതി സിംഹരാജന്റെ ചെവിയിലുമെത്തി.

എന്താണു മാര്‍ഗ്ഗം? കുറുക്കനറിയാതെ മന്ത്രിമാരെ വിളിച്ചു വരുത്തിയിട്ട്‌ സിംഹം പറഞ്ഞു. “അവനെ തടയണം. കഴിയുമെങ്കില്‍ പിടിച്ചുകെട്ടി നല്ല ശിക്ഷ കൊടുക്കണം.” പിന്നെ ചോദിച്ചു. “അടയാള സഹിതം അവനെ പിടിച്ചു കെട്ടാന്‍ നിങ്ങളില്‍ ആര്‍ക്കു കഴിയും?” കടുവ. പുള്ളിപ്പുലി. ചെന്നായ.

മുന്നുപേരും ഒഴിഞ്ഞു. മഹാസൂധ്രശാലിയായ കുറുക്കന്‍ തങ്ങളെ കെണിയില്‍ പെടുത്തിയാലോ എന്നവര്‍ ഭയപ്പെട്ടു.

മന്ത്രിമാരുടെ കൂട്ടത്തില്‍ ശരീരം കൊണ്ടും മറ്റും ദുര്‍ബ്ബലനായ ആമ വിനയത്തോടെ സിംഹത്തോടു പറഞ്ഞു.

“ഞാന്‍… ഞാനവനെ വീഴ്ത്താം.”

അതുകേട്ട്‌ മറ്റുമുന്നുപേരും ഉള്ളില്‍ ചിരിച്ചു.

“നീയോ നിനക്കെങ്ങനെ അതു സാധിക്കും?”

ആമ തന്റെ പദ്ധതി വിശദീകരിച്ചു.

“കൊള്ളാം നീ ബുദ്ധിമാന്‍തന്നെ”

സിംഹം ആമയെ അഭിനന്ദിച്ചു. തൊട്ടടുത്ത ദിവസം കുറുക്കന്‍ പമ്മിപ്പമ്മി ജലസംഭരണിയിലെത്തി. ജലത്തിലേക്ക്‌ പതിയെ കാലെടുത്തുവച്ച കുറുക്കന്‍ എന്തോ ഒരു വല്ലായ്മ തോന്നി. കാലുകള്‍ പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല.

പെട്ടു.

താനൊരു കെണിയില്‍പെട്ടുവെന്ന്‌ പെട്ടെന്നു തന്നെ കുറുക്കനു മനസ്സിലായി.

ആമ പതിയെ ഒന്നിളകി; തല വെളിയിലിട്ടു.

“എന്നെ സ്വതന്ത്രമാക്കിയില്ലെങ്കില്‍ നിന്റെ തല ഞാന്‍ ചവിട്ടി പ്പൊളിക്കും.”

“നിന്റെ ഇഷ്ടംപോലെ ആയിക്കോ.” ആമ ചിരിച്ചുകൊണ്ടു പറഞ്ഞു.

തന്റെ പിന്‍കാലുകള്‍കൊണ്ട്‌ ആമയുടെ തല മാന്തിക്കീറാന്‍ ശ്രമിച്ച കുറുക്കന്റെ ആ കാലുകളും ആമയുടെ തോടില്‍ കട്ടിയില്‍ തേച്ചുപിടിപ്പിച്ചിരുന്ന ചെന്നര്‍കല്‍ പശയില്‍ (ഒട്ടിപ്പിടിക്കുന്ന ഒരുതരം കറുത്ത മെഴുകുപോലെയുള്ള പശ) പറ്റിപ്പിടിച്ചു.

നാണവും കോപവും കൊണ്ട്‌ തന്നെത്തന്നെ മറന്നുപോയ കുറുക്കന്‍ ആമയുടെ തല കടിച്ചു പറിക്കാന്‍ ശ്രമിച്ചു. പാവം കുറുക്കന്‍, ആമയുടെ മുതുകില്‍ ശരീരത്തിന്റെ കീഴ്ഭാഗം മുഴുവന്‍ ഒട്ടിപ്പിടിച്ചു കിടപ്പിലായിപ്പോയി അവന്‍. വിവരം കാട്ടിലാകെ പെട്ടെന്നുതന്നെ പരന്നു. തന്റെ പുറത്ത്‌ ഒട്ടിക്കിടക്കുന്ന കുറുക്കനുമായി ആമ പതിയെ തുഴഞ്ഞു പുറത്തുവന്നു.

സൂത്രം പ്രയോഗിക്കുന്നതില്‍ അതിമിടുക്കനായ കുറുക്കനെ കെണിയില്‍ വീഴ്ത്തിയ ആമയെ ഓരോരുത്തരും മാറിമാറി അഭിനന്ദിച്ചു.

നൂറടി നലകി കുറുക്കനെ കാട്ടില്‍നിന്ന്‌ പുറത്താക്കുന്നതിന്‌ മൃഗങ്ങളുടെ യോഗം തീരുമാനിച്ചു.

അരുതാത്തതു ചെയ്താല്‍ എത്ര സൂര്തശാലിയും ഒരുന്നാള്‍ വീഴും