കരടിയുടെ കൊതി

malayalam stories for kids

കരടി, പുള്ളിപ്പുലി, കഴുതപ്പുലി, കുറുക്കന്‍, മുയല്‍. ഇത്രയും പേരായിരുന്നു കാട്ടിലെ രാജാവായ സിംഹം വിളിച്ചു കൂട്ടിയ യോഗത്തില്‍ പങ്കെടുത്തത്‌.

മാന്യരേ,” സിംഹം സംസാരിച്ചു.

“പോയ വര്‍ഷത്തെക്കാള്‍ കുടിയ ചൂടാണ്‌ ഈ വര്‍ഷം അനുഭവപ്പെട്ടത്‌. അതുകൊണ്ട്‌ വെള്ളത്തിന്റെ കാര്യത്തില്‍ നാം വിഷമിക്കുകയാണ്‌. അടുത്ത വര്‍ഷം ഇങ്ങനൊരു അനുഭവം ഉണ്ടാവാതിരിക്കാന്‍ നാം എന്തെങ്കിലും പദ്ധതി കണ്ടെത്തേണ്ടതുണ്ട്‌.”

കാട്ടിലെ മൃഗങ്ങളെല്ലാം വെള്ളം കുടിക്കുന്നതും കുളിക്കുന്നതും മറ്റും ഗണ്യമായി കുറയ്ക്കണമെന്നാണ്‌.. മറ്റുള്ളവര്‍ ചിരിക്കുന്നതു കണ്ടപ്പോള്‍ കരടി തന്റെ അഭിപ്രായം അവിടെ നിറുത്തി.

ഏവരും നിശ്ശബ്ദരായിരുന്നു. ഒടുവില്‍ സിംഹം തന്നെ അഭിപ്രായം മുന്നോട്ടു വച്ചു.

“അടുത്ത ദിവസങ്ങളില്‍ത്തന്നെ മഴയ്ക്കുള്ള സാദ്ധ്യതയുണ്ട്‌. ഒരു വലിയ ഗുഹയുണ്ടാക്കി അതിനുള്ളില്‍ വെള്ളം സംഭരിച്ചു നിറുത്തിയാല്‍ കടുത്ത വേനലില്‍ നമുക്കതു ഉപയോഗിക്കാന്‍ കഴിയും. എന്തു പറയുന്നു?”

പദ്ധതി എല്ലാവരും അംഗീകരിച്ചു. അടുത്തദിവസം മുതല്‍ വെള്ള സംഭരണിയുടെ പണി തുടങ്ങി. എല്ലാവരുംതന്നെ ഓരോ പണിയിലേര്‍പ്പെട്ടു. കുറുക്കനൊഴികെ.

അവന്റെ കൈയ്ക്കും കാലിനും നീരും വേദനയുമൊക്കെ ആണെന്ന്‌ അവന്‍ പറഞ്ഞത്രേ.

ഏതായാലും കുറുക്കനില്ലാതെതന്നെ വെള്ളസംഭരണി പൂര്‍ത്തിയായി. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മഴ തിമിര്‍ത്തുപെയ്തു തുടങ്ങി. മൃഗങ്ങള്‍ കരുതിയതുപോലെതന്നെ മഴവെള്ളം ചാലിലൂടെ സംഭരണിയിലേക്ക്‌ ഒഴുകിയെത്തി. മഴക്കാലം കഴിഞ്ഞു. വേനലെത്തി.

പണിയില്‍നിന്നു പൂര്‍ണ്ണമായും മാറിനിന്ന കുറുക്കന്‍ ആരും കാണാതെ സംഭരണിയിലെത്തി വെള്ളം കുടിക്കുകയും വലിയ കുടത്തില്‍ ശേഖരിച്ചുകൊണ്ടു പോകുകയും ചെയ്തു.

തകര്‍പ്പനൊരു കുളി നടത്താനും അവന്‍ മറന്നില്ല.

രാജാവായ സിംഹം വിവരമറിഞ്ഞു. കരടിയെ വിളിച്ചിട്ട്‌ സിംഹം ആജ്ഞാപിച്ചു. “നീയൊരു കാര്യം ചെയ്യണം. അടുത്ത ദിവസം മുതല്‍ അവിടെ കാവല്‍ നില്ക്കണം. വേണമെങ്കില്‍ നിന്റെ ഗദയുണ്ടല്ലേ? അതുകൂടി കരുതിക്കൊള്ളു. ഇറങ്ങിയാല്‍ അവന്റെ മുതുകിനു നല്ലതു കൊടുക്കണം.”

കുറ്റിച്ചെടികള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന കരടിയുടെ ഗദ അല്പം ഉയര്‍ന്നു നിന്നിരുന്നു. സംഭരണിയിലേക്കു വന്ന കുറുക്കനു കാര്യം പിടികിട്ടി. തേന്‍കൊതിയനാണ്‌ കരടിയെന്ന്‌ കുറുക്കനും അറിയാം.

അവന്‍ തന്റെ കുടം ഒരിടത്തു വച്ചിട്ട് അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഓരോ തവണയും കുടത്തില്‍ കൈയിടുകയും കൈ കൊതിയോടെ നക്കുകയും ചെയ്തു. “ഹായ്‌, എന്താ തേനിന്റെയൊരു രുചി. ഇന്നിപ്പോ ഇനിയെന്തിനാ വെള്ളം.”

ഇതു പലതവണ ആവര്‍ത്തിച്ചു കേട്ടപ്പോള്‍ കരടിക്കു കൊതി അടക്കാനായില്ല. കുറ്റിച്ചെടികള്‍ക്കിടയില്‍ നിന്ന്‌ പതിയെ പുറത്തു വന്ന കരടിയെക്കണ്ട്‌ കുറുക്കന്‍ ചോദിച്ചു.

“ഇതെന്താ കരടിച്ചേട്ടാ ഗദയുമൊക്കെയായി എന്താ പരിപാടി?”

“ഓ ചുമ്മാ, ഒന്നു കറങ്ങാനിറങ്ങിയതാ. എന്താടാ ആ കുടത്തില്‍. നല്ലതുവല്ലതുമാണോ? ഞാനാണേ വിശന്നുവലഞ്ഞിരിക്കുവാ..”

കുടത്തിലേക്ക്‌ എത്തിനോക്കാന്‍ തുടങ്ങിയ കരടിയെ കുറുക്കന്‍ തടഞ്ഞു. “ഓ ഇതിനകത്തൊന്നുമില്ലെന്നേ.””

“നൊണ, വല്യനുണ. നീ കൈ നക്കുന്നതു ഞാന്‍ കണ്ടല്ലോ.”

“ശ്ലോ ഈ ചേട്ടന്റെ ഒരു കാര്യം. ഇനിയെങ്ങനാ കള്ളം പറയണേ. വരുന്ന വഴി കിട്ടീതാ. ഒന്നാന്തരം തേന്‍. എന്താ അതിന്റെയൊരു രുചി.”

“ഇത്തിരി എനിക്കുകൂടി താടാ.” കരടി കെഞ്ചി.

“ചേട്ടനിങ്ങനെ സ്നേഹത്തോടെ ചോദിക്കുമ്പോ എങ്ങനാ തരാതിരിക്കുന്നേ. മുന്നാലു കുമ്പിളു തരാം. ഞാന്‍ ഇലയുണ്ടോന്നുനോക്കട്ടെ. അതുവരെ ചേട്ടന്‍ ദേ ആ മരത്തില്‍ തല ചേര്‍ത്തുവച്ചു നിന്നോ.”

“മതിയെടാ അതുമതി”.

സന്തോഷംകൊണ്ടു മതിമറന്ന കരടി കുറുക്കന്‍ കാണിച്ച മരത്തിനു പറ്റെ തല ചേര്‍ത്തുവച്ചുനിന്നു.

മരത്തിനു തൊട്ടു പിന്നില്‍ ഇലയെടുക്കാന്‍ പോയ കുറുക്കന്‍ ഒന്നാന്തരം കാട്ടുവള്ളിയും കൊണ്ടാണ്‌ വന്നത്‌. തൊട്ടുപിന്നിലെത്തിയ കുറുക്കന്‍ അതിവേഗം കരടിയെ മരത്തോടു ചേര്‍ത്തുകെട്ടി.

പിന്നീട്‌ വെള്ളം തന്റെ കുടത്തില്‍ നിറച്ചെടുത്ത്‌ നല്ലൊരു കുളിയും കഴിഞ്ഞു തിരിച്ചുവന്നു. താഴെക്കിടന്ന ഗദയെടുത്ത്‌ കരടിയുടെ തലയ്ക്കു നല്ലൊരടി കൊടുത്തിട്ടു പരിഹാസത്തോടെ ചോദിച്ചു. “എങ്ങനുണ്ട്‌ ചേട്ടാ.”

ഒരു മൂളിപ്പാട്ടും പാടി കുറുക്കന്‍ പോകുന്നത്‌ ദയനീയതയോടെ കണ്ടുനിന്നു കരടി.

അവിടെയെത്തിയ മൃഗങ്ങള്‍ കരടിയുടെ നിലപുകണ്ട്‌ കരയണമോ ചിരിക്കണമോ എന്നറിയാതെ നിന്നു. വിവരമറിഞ്ഞെത്തിയ

സിംഹം മറ്റു മൃഗങ്ങളുടെ മുന്നില്‍വച്ച്‌ കരടിയെ വളരെയേറെ അധിക്ഷേപിച്ചിട്ട് പറഞ്ഞു. “ഇവനെ ഞാന്‍ വിഡ്ഡികളുടെ രാജാവായി പ്ര്യാപിക്കുന്നു”
എന്നിനോടുമുള്ള കടുത്ത ആസക്തി ലക്ഷ്യത്തില്‍നിന്നു നമ്മെ മറ്റും.