“വേട്ടയാടുന്നതില്‍ അങ്ങാണല്ലോ മിടുക്കന്. മിടുക്കന് എന്നു പറയുന്നതുതന്നെ അങ്ങയെ കാണുന്നതുപോലെയാണ്. ഏറ്റവും മിടുക്കന് എന്നുതന്നെ പറയണം.”
സംഭാഷണമധ്യേ സിംഹത്തെ സുഖിപ്പിച്ചുകൊണ്ട് കുറുക്കന് പറഞ്ഞു.
സിംഹത്തെ സൂക്ഷിച്ചു നിരീക്ഷിച്ചുകൊണ്ട് കുറുക്കന് തുടര്‍ന്നു.
“നമുക്കൊരു കാര്യം ചെയ്താലോ! ഇനി വരാന്‍ പേകുകുന്നത് കനത്ത മഴയും തണുപ്പുമൊക്കെ അല്ലേ. അപ്പുറത്തെ കാട്ടില്‍കയറി നമുക്കു വേട്ടയാടാം. അവിടെ ധാരാളം മൃഗങ്ങളുണ്ടെന്നാണ് കേള്‍വി. മഴക്കാലം തുടങ്ങുന്നതിനുമുന്പ് മടങ്ങിപ്പോരുകയും ചെയ്യാം.”
“അതിന്റെ ആവശ്യമെന്തെടോ?”
സിംഹം സന്ദേഹം പ്രകടിപ്പിച്ചു.
“അതോ, എന്റെ ഭാര്യ ഇറച്ചിയൊക്കെ ഉണക്കി സുക്ഷിക്കുന്നതില്‍ ബഹുകമിടുക്കിയാ. എന്താ അതിന്റെയൊരു രുചി. അങ്ങിതുവമെ കഴിച്ചുകാണില്ല. ഉവ്വോ?”
ഇല്ലെന്നു സിംഹം തലയാട്ടി.
“ങാ… അതൊന്നു കഴിക്കണം. മഴയും തണുപ്പുമൊക്കെ ആകുമ്പോള്‍ പുറത്തിറങ്ങാതെ ഗുഹയ്ക്കുള്ളില്‍ കഴിഞ്ഞുകൂടുകയും ചെയ്യാം
തന്നെ നോക്കി ആകാംക്ഷയോടെ ഇരിക്കുന്ന സിംഹത്തോടു കുറുക്കന് പറഞ്ഞു.
“അങ്ങ് വേട്ടയാടി പിടിക്കുന്ന മൃഗങ്ങളെയൊക്കെ നമ്മുടെ ഗുഹകളില്‍ എത്തിക്കുന്ന ഭാരം – അക്കാര്യം ഞാനും ഭാര്യയും നോക്കി ക്കൊള്ളാം. ഉണങ്ങുന്നതില്‍ 60 ശതമാനവും അങ്ങയുടെ ഗുഹയില്‍ എത്തിക്കുകയും ചെയ്യാം.”
ചിന്തയിലാണ്ടിരിക്കുന്ന സിംഹത്തെക്കണ്ട് കുറുക്കന് ചോദിച്ചു.
“എന്താ അങ്ങുന്നേ ഇത്ര ആലോചിക്കണേ. അങ്ങയോടുള്ള സ്നേഹം കൊണ്ടാ ഞാന്‍ പറഞ്ഞത്. കൂട്ടത്തില്‍ എന്റെ കാര്യവും
നടക്കുമല്ലോ! തണുപ്പ് കാലത്ത് പുറത്തിറങ്ങണ്ട. നല്ല ഒന്നാന്തരം ഉണക്കയിറച്ചിയും!”
പറഞ്ഞുപറഞ്ഞ് സിംഹത്തെ തന്റെ വഴിക്കു കൊണ്ടുവന്നു കുറുക്കന്.
തൊട്ടടുത്ത കാട്ടില്‍ കടന്ന് സിംഹം മൃഗങ്ങളെ വേട്ടയാടിത്തുടങ്ങി. മാസം രണ്ടുമൂന്നു കഴിഞ്ഞു. ഒമു ദിവസം സിംഹം പറഞ്ഞു.
“നീ ഇടയ്ക്കിടയ്ക്ക് സ്വന്തം കാട്ടിലേക്കു പോകുന്നുണ്ട്. ഞാനെന്റെ ഭാര്യേം കുഞ്ഞുങ്ങളേം കണ്ടിട്ട് കുറച്ചായി. മാത്രമല്ല. താമസിയാതെ മഴ തുടങ്ങുകയും ചെയ്യും. നമുക്കിനി മടങ്ങാം.”
തന്റെ കുടുംബത്തെ കാണാതെ രണ്ടുമൂന്നു മാസങ്ങള്‍ തള്ളി നീക്കിയതിന്റെ വിഷമം ആ വാക്കുകളിലുണ്ടായിരുന്നു.
“മടങ്ങാലോ, ഈ ആഴ്ചകൂടി ഞാന്‍ പോയി അവളെയും കൂട്ടി മടങ്ങിവരാം. അപ്പോള്‍ ആ ദിവസങ്ങളില്‍ അങ്ങു പിടിക്കുന്ന മൃഗത്തെ കൊണ്ടുപോകുകയും ചെയ്യാം. ഈ ഒരാഴ്ച മാത്രം.”
ഒരുവിധത്തിലാണ് കുറുക്കന് സിംഹത്തെക്കൊണ്ട് അത് സമ്മതിപ്പിച്ചത്.
ഭാര്യയെകുട്ടി വരാമെന്നു പറഞ്ഞുപോയ കുറുക്കന് ഒരാഴ്ച കഴിഞ്ഞിട്ടും എത്തിയില്ല. സാധാരണ പറയുന്ന ദിവസംതന്നെ എത്താറുള്ളതാണ്.
ഒരു ദിവസം കഴിഞ്ഞിട്ടും കുറുക്കനെ കാണാതായപ്പോള്‍ സിംഹം തനിയെ സ്വന്തം കാട്ടിലേക്കു മടങ്ങി.
ഗുഹയിലെത്തിയ സിംഹത്തിനു തന്റെ കുടുംബത്തിന്റെ വിഷമ സ്ഥിതി അറിഞ്ഞപ്പോള്‍ സഹിക്കാനായില്ല.
കുഞ്ഞുങ്ങളെ തനിയെ വിട്ടിട്ട വേട്ടയാടാന്‍ പോകേണ്ട അവസ്ഥയിലായി പലപ്പോഴും സിംഹി. അതുകൊണ്ടുതന്നെ ആവശ്യത്തിനു ഭക്ഷണം കിട്ടിയതുമില്ല. കുറുക്കനാണെങ്കില്‍ ആ വഴി ചെന്നിട്ടേയില്ലത്രേ.
ഭാര്യ മുഴുവന്‍ പൂര്‍ത്തിയാക്കുന്നതിനു മുന്‍പേ സിംഹം കുറുക്കന്റെ ഗുഹയിലേക്കു പുറപ്പെട്ടു.
ഗുഹയിലെത്തിയ സിംഹത്തിനു പക്ഷേ കുറുക്കനെ കാണാനായില്ല. കുറുക്കന് അകലെനിന്നുതന്നെ സിംഹത്തെ കണ്ടുകഴിഞ്ഞിരുന്നു.
“നീ അദ്ദേഹത്തിന്റെ ഭാര്യേം കുട്ട്യോളേം പട്ടിണിക്കിട്ടല്ലേടി ദ്രോഹി.”
കുറുക്കന്റെ അലര്‍ച്ചയും പലവട്ടമുള്ള അടിയുടെ ശബ്ദവും വലിയ നിലയിലുള്ള കരച്ചിലുമൊക്കെ കേട്ടാണ് സിംഹം മുകളിലേക്കു നോക്കിയത്.
കിഴുക്കാംതൂക്കായ ഒരു പാറയുടെ മുകളില്‍ വലിയൊരു വടിയും പിടിച്ചുനില്‍ക്കുകയാണ് കുറുക്കന്.
വടികൊണ്ട് നിലത്താണ് അടിക്കുന്നതെന്നും മറ്റും സിംഹത്തിനു മനസ്സിലായില്ല.
“ഒരാഴ്ചയായി ഈ പേക്കൂത്ത് തുടങ്ങിയിട്ട്. ഇങ്ങനെ അടിക്കാതെ എന്നെയങ്ങു കൊന്നുകള.” കുറുക്കത്തിയുടെ കരച്ചില്.
വടികൊണ്ട് പിന്നെയുമുള്ള അടിയും നിലവിളിയും തുടര്‍ന്നപ്പോള്‍ സിംഹം താഴെനിന്നു നിലവിളിച്ചു.
“കുറുക്കച്ചാ.. എടാ”
കുറുക്കന് താഴേക്കുനോക്കി.
“നീ എന്തിനാടാ അവളെ പിടിച്ചങ്ങനെ തല്ലണേ..”
“അല്ലങ്ങുന്നേ, അങ്ങയുടെ ഭാര്യയ്ക്കും കുഞ്ഞുങ്ങള്‍ക്കും കൊടുക്കാനേല്പിച്ചിരുന്ന ഇറച്ചികുടി ഇവളെടുത്ത് ഉണക്കിക്കളഞ്ഞു. എങ്ങനെ തല്ലാതിരിക്കും.”
“എന്റെ പൊന്നങ്ങുന്നേ ഒരാഴ്ചയായി എനിക്കിട്ടീ മേട്. എല്ലാം ഉണക്കാനാണെന്നല്ലേ ഞാന്‍ കരുതിയേ…” കരച്ചിലിലൂടെത്തന്നെ കുറുക്കത്തി പറഞ്ഞൊപ്പിച്ചു.
“ഇനിയിപ്പോ എന്താ അങ്ങുന്നേ ചെയ്ക? ങാ, ഞാനൊരു കയറിടു തരാം ഒരു വശം ഇവിടെ ബലമായിട്ട ഒരു മരത്തില്കെട്ടും. മറുവശം താഴേയ്ക്കിടാം. അങ്ങ് അതില്‍പിടിച്ച് പതിയെ കേറിവാ. ദേ ഇവിടെയാ ഇറച്ചിയൊക്കെ ഉണക്കാനിടുന്നേ, കുശാലായി ഇത്തിരി കഴിച്ചിട്ടു പോകാം. ബാക്കി അങ്ങെത്തിക്കാം… എന്താ?”
പറഞ്ഞുതീരുന്നതിനു മുന്‍പേ ഒരു കയര്‍ താഴേയക്കെത്തി. അതില്‍പിടിച്ച് സിംഹം മുകളിലേക്കു കയറിക്കൊണ്ടിരുന്നു. ഏതാണ്ട് മുകളിലെത്താറായി. ധും,
കയര്‍പൊട്ടി സിംഹം താഴേയ്ക്ക് വീണു. പലയിടത്തും തട്ടിയും മുട്ടിയും താഴെ വീണ സിംഹം എഴുന്നേറ്റു നിലക്കാന് തന്നെ വളരെ വിഷമിച്ചു. അത്രയേറെ പരുക്കുകള്‍ ഉണ്ടായിരുന്നു ആ ശരീരത്തില്‍.
ഒട്ടും താമസിച്ചില്ല. വലിയൊരു കല്ലുവന്ന് സിംഹത്തിന്റെ തലയില്‍ പതിച്ചു. വീണുപോയ സിംഹത്തിനു പിന്നെ എഴുന്നേല്ക്കാനായില്ല.
വാക്കുകളിലെ ചതി മനസ്സിലാക്കണമെങ്കില്‍ അതിനുമുന്‍പ് ആളെ മനസ്സിലാക്കണം.