കുരങ്ങച്ചന്റെ വയലിൻ

malayalam stories for kids

സ്വന്തം കാടു മടുത്തതുകൊണ്ടല്ല കുരങ്ങച്ചന്‍ അടുത്ത കാട്ടിലേയ്ക്കു യാത്രയായത്‌; ആഹാരത്തിനുള്ള വകയൊക്കെ കുറഞ്ഞു വരുകയാണെന്ന ബോദ്ധ്യം കൊണ്ടാണ്‌.

മഹാ ഭാഗ്യവാനായിരുന്നു അവന്‍. അതുകൊണ്ടാണല്ലോ വൃദ്ധനും നല്ലവനുമായ ഉറാങ്ങ്‌ ഉട്ടാന്റെ അടുത്തുതന്നെ അവന്‍ ചെന്നുപെട്ടത്‌. അവന്റെ കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞ ഉറാങ്ങ്‌ ഉട്ടാന്‍ തന്നോടൊപ്പം താമസിക്കാന്‍ അവനെ അനുവദിച്ചു.

“അമ്മാവാ, അങ്ങേയ്ക്കുള്ള ആഹാരവും കുടി ഞാനെത്തിച്ചോളാം.” കുരങ്ങച്ചന്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഉറാങ്ങ്‌ ഉട്ടാനുണ്ടായ സന്തോഷം കുറച്ചൊന്നുമായിരുന്നില്ല.

ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഉരുവരും വളരെയേറെ അടുത്തു. അസ്ത്രവിദ്യയിലും വയലിന്‍ വായനയിലും അതിനിപുണനായ അമ്മാവന്‍ ആ വിദ്യ രണ്ടും കുരങ്ങച്ചനെ പഠിപ്പിച്ചു.

വര്‍ഷം രണ്ടു കടന്നുപോയത്‌ അറിഞ്ഞില്ല. ഒരു ദിവസം കുരങ്ങന്‍ പറഞ്ഞു.

“അമ്മാവാ, ഒന്നു നാട്ടില്‍ പോകണമെന്നൊരു മോഹം. എന്റെ ആള്‍ക്കാരൊക്കെ അവിടെയാണല്ലോ, അമ്മാവന്‍ അനുവദിച്ചാല്‍”

“മോനേ, അങ്ങനെയൊരാശ തടയാന്‍ ഈ അമ്മാവനു പറ്റുമോ; പോയി വരു.”

രണ്ടു കൈയും തലയില്‍ വച്ച്‌ അവനെ അനുഗ്രഹിച്ചുകൊണ്ടു തന്റെ അമ്പും വില്ലും അവനു കൊടുത്തിട്ട് പറഞ്ഞു.

“നിനക്കിവ തുണയായിരിക്കും. മാന്ത്രിക സ്പര്‍ശമുള്ളതാണ്‌ രണ്ടും. സുരക്ഷിതമായി മടങ്ങി വരിക.”

സ്വന്തം കാട്ടിലെത്തിയ കുരങ്ങച്ചന്‍ ആദ്യം കണ്ടുമുട്ടിയത്‌ ചെന്നായയെ ആയിരുന്നു. അവര്‍ പരസ്പരം വിശേഷങ്ങളൊക്കെ കൈമാറി. ഒടുവില്‍ ചെന്നായ പറഞ്ഞു.

“എന്റെ പൊന്നു സ്നേഹിതാ, വിശന്നിട്ടുവയ്യ. രാവിലെ മുതല്‍ ഒരു കാട്ടുമാനിന്റെ പിന്നാലെ കൂടിയതാ. എന്നെ വെട്ടിച്ച്‌ അവന്‍ ഓടിക്കളയും. ഇവിടെ എവിടെയോ അവനുണ്ട്‌. തളര്‍ന്നെടോ.”

“ഓ… ഇതാണോ കാര്യം. അതിലെന്തിത്ര വിഷമിക്കുന്നു. ദാ ഇതുകണ്ടോ. ഇവനെ ഒന്നു പ്രയോഗിച്ചാല്‍ എത്ര ദുരെയുള്ള മാനും ധിം. അവനെ ഒന്നു കാണിച്ചു തന്നാല്‍ മതി.” തന്റെ മുതുകില്‍ കെട്ടിത്തുക്കിയിരുന്ന അമ്പും വില്ലും കാണിച്ചുകൊണ്ട്‌ കുരങ്ങച്ചന്‍ വെളിപ്പെടുത്തി.

അമ്പും വില്ലും തയ്യാറാക്കി അവന്‍ ഒരുങ്ങി നിന്നു. ഏറെ നേരം കഴിഞ്ഞില്ല, ചെന്നായ സന്തോഷത്തോടെ പറഞ്ഞു.

“ദാ നോക്ക്‌ അവിടെ”

കുരങ്ങന്‍ വില്ലു കുലച്ചു. മാന്‍ പിടഞ്ഞുവീണു ചത്തു. കുശാലായ ഭക്ഷണം.

കുരങ്ങനോടു ഒരു നന്ദിവാക്കു പോലും ചെന്നായ പറഞ്ഞില്ല. പകരം അമ്പും വില്ലും തനിക്കു നല്കണമെന്ന്‌ ശഠിക്കുകയാണ്‌ ചെയ്തത്‌.

“പറ്റില്ല. ഇതു ഞാന്‍ തരില്ല.” കുരങ്ങന്‍ തീര്‍ത്തു പറഞ്ഞു.

അവരുടെ ആ വാധഗ്വാദത്തിനിടയിലാണ്‌ കുറുനരി അവിടെയെത്തിയത്‌. ചെന്നായ കുറുനരിയോടു പറഞ്ഞു.

“ചേട്ടാ എന്റെ അമ്പും വില്ലും ഇവന്‍ മോഷ്ടിച്ചു.”

കൂറുനരി ഇരുവരുടെയും വാദപ്രതിവാദങ്ങള്‍ കേട്ടു. ഒടുവില്‍ പറഞ്ഞു.

“ഒരു തീരുമാനത്തിലെത്താന്‍ എനിക്കു കഴിയുന്നില്ല. കാട്ടുകോടതിക്കു മുന്നില്‍ നമുക്കു പ്രശ്നം അവതരിപ്പിക്കാം.”

കോടതി കൂടുന്നതുവരെ തര്‍ക്കത്തിനു കാരണമായ വസ്തു താന്‍ സൂക്ഷിക്കുമെന്നും കുറുനരി വെളിപ്പെടുത്തി.

ചെന്നായ ആ അഭിപ്രായം പെട്ടെന്നുതന്നെ അംഗീകരിച്ചു. കുരങ്ങനും അതു സമ്മതിക്കേണ്ടി വന്നു.

എന്നാണു കോടതി കൂടുന്നതെന്ന്‌ മുഖ്യ വിധികര്‍ത്താവായ സിംഹവുമായി കൂടിയാലോചിച്ചു പറയുന്നതാണ്‌.

അമ്പും വില്ലും ഉപയോഗിച്ച കുറുനരി അതു വളരെ നല്ലതെന്നു മനസ്സിലാക്കി. അടുത്ത ദിവസം ചെന്നായയുടെ അടുക്കലെത്തിയ കുറുനരി നയത്തില്‍ ചോദിച്ചു.

“എടോ വാസ്തവത്തില്‍ അമ്പും വില്ലും നിന്റെ തന്നെയാണോടേയ്‌?”

അതിനു ചെന്നായ മറുപടിയൊന്നും പറഞ്ഞില്ല. പകരം ഒരു കള്ളച്ചിരി ചിരിച്ചു.

“നിന്റെ ആണെങ്കിലും അല്ലെങ്കിലും അടുത്ത ആഴ്ച കോടതി കൂടും. നിനക്കനുകൂലമായി ഞാന്‍ നില്ക്കാം. പക്ഷേ…”

ബാക്കി എന്തെന്നറിയുന്നതിനുവേണ്ടി ചെന്നായ ഒരു ചോദ്യ ഭാവമെറിഞ്ഞു.

“ഒരു ദിവസം നിന്റെ കൈയിലെങ്കില്‍ അടുത്ത ദിവസം എന്റെ കൈയില്‍. എന്തേ?”

അല്പം ആലോചിച്ചിട്ടു ചെന്നായ വ്യവസ്ഥ അംഗീകരിച്ചു.

സിംഹം, പുലി, കുറുനരി, മറ്റ്‌ നാലഞ്ചു മൃഗങ്ങള്‍. അതാണ്‌ കാട്ടുകോടതി.

തര്‍ക്കവിതര്‍ക്കങ്ങള്‍ കാര്യമായി നടന്നു. കുരങ്ങനു തന്റെ വാദം ഭംഗിയായി അവതരിപ്പിക്കാനായില്ല. കുറുന്നരിയാകട്ടെ ചെന്നായയ്ക്ക്‌ അനുകുലമായ രീതിയില്‍ സംസാരിക്കുക കൂടി ചെയ്തപ്പോള്‍ എല്ലാം കുരങ്ങന്‌ എതിരായി.

മോഷണം വധശിക്ഷയ്ക്ക്‌ അര്‍ഹമായ കുറ്റമെന്നാണ്‌ കാട്ടു നിയമം. ഒരിളവോടുകൂടി കുരങ്ങനും വധശിക്ഷ ലഭിച്ചു.

എന്തെങ്കിലും ഒരു കാര്യം അവനു ചെയ്യണമെന്നുണ്ടെങ്കില്‍ അതാവാം. അതാണ്‌ അവനുള്ള ആനുകൂല്യം.

വയലിന്‍. തന്റെ മാന്ത്രിക വയലിന്‍. വയലിനില്‍ ഒരു പാട്ടു പാടണം. അതാണവന്റെ ആഗ്രഹം.

കുരങ്ങന്‍ വയലിന്‍ പതിയെ വായിക്കാന്‍ തുടങ്ങി.

പാട്ട്‌ മുന്നോട്ടു നീങ്ങവേ സിംഹം അടക്കമുള്ള മൃഗങ്ങള്‍ നൃത്തച്ചുവടുകള്‍ വയ്ക്കാന്‍ തുടങ്ങി. കുരങ്ങന്‍ പാതിയടഞ്ഞ കണ്ണുകളുമായി നിന്നു. പാട്ടിനു തീവ്രതയേറി. നൃത്തച്ചുവടുകള്‍ ഭ്രാന്തമായി. കുരങ്ങന്‍ പാട്ടു തുടര്‍ന്നു.

നൃത്തം നിറുത്തുന്നതിനു ഒരു മൃഗത്തിനും കഴിയുന്നില്ല.

“പ്ലീസ്‌ പാട്ടു നിര്‍ത്തൂ.” സിംഹം ദയനീയമായി അപേക്ഷിച്ചു. ക്ഷീണിച്ച്‌ അവശരായി രണ്ടുമൂന്നു മൃഗങ്ങള്‍ കുഴഞ്ഞുവീണു. ഒടുവില്‍ സിംഹം പിന്നെയും പറഞ്ഞു. “പാട്ടു നിര്‍ത്തൂ പ്ലീസ്‌, എന്റെ സിംഹാസനം പോലും നിനക്കു തരാം.”

ഒടുവില്‍ സിംഹവും പുലിയും ഒന്നിച്ചലറി. “വിധി പിന്‍വലിച്ചിരിക്കുന്നു. അമ്പും വില്ലും കുരങ്ങനു തന്നെ.” പെട്ടെന്നുതന്നെ തന്റെ അമ്പും വില്ലും എടുത്തുകൊണ്ട്‌ കുരങ്ങന്‍ തൊട്ടടുത്ത മരത്തിലേക്കു ചാടിക്കയറി.

കുരങ്ങന്‍ വീണ്ടും പാട്ടു തുടങ്ങിയാലോ എന്നു പേടിച്ച സിംഹവും പുലിയും പെട്ടെന്നു സ്ഥലം വിട്ടു.

“ചതിയിലൂടെ നേടുന്നതൊന്നും ശാശ്വതമല്ലെന്നറിയുക’. എന്നു തുടങ്ങുന്ന പാട്ടു പാടിക്കൊണ്ട്‌ കുരങ്ങന്‍ അല്പസമയം കൂടി അവിടെ തരുന്നിട്ട്‌ സ്ഥലം വിട്ടു.